തിരുവനന്തപുരം: സെമിത്തേരികളിൽ മൃതശരീരം അടക്കം ചെയ്യലിന് നിയമ പ്രാബല്യം നൽകുന്ന ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. യാക്കോബായ, ഓർഡോക്സ് സഭകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നിയമനിർമ്മാണത്തിലേക്ക് കടന്നത്.
സെമിത്തേരികളിൽ മൃതശരീരം അടക്കം ചെയ്യുന്നത് തടയുകയോ, തടയാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവും 10000 രൂപ പിഴയുമോ, രണ്ടും കൂടിയോ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം..സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നതിന് മുൻപ് ചർച്ചയ്ക്കെടുപ്പോൾ പ്രതിപക്ഷം മുന്നോട്ടുവച്ച നിർദേശങ്ങൾ കൂടി അംഗീകരിച്ചാണ് ബിൽ ഇന്നലെ സഭയുടെ പരിഗണനയ്ക്ക് വന്നത്.
രണ്ട് ക്രൈസ്തവ സഭകൾ തമ്മിലുള്ള തർക്കത്തെ കേരളത്തിലെ മുഴുവൻ സഭകൾക്കും ബാധകമാകുന്ന നിയമമായി രൂപം നൽകിയ ബില്ലിനെ പ്രതിപക്ഷം എതിർത്തിരുന്നു. ബില്ലിന്റെ പേരു പോലും മാറ്റിക്കൊണ്ടുള്ള സബ്ജക്ട് കമ്മിറ്റി തീരുമാനം മന്ത്രി എ.കെ ബാലൻ സഭയെ അറിയിച്ചതോടെ പ്രതിപക്ഷം പിന്തുണക്കുകയായിരുന്നു. ബില്ലിന്റെ തലക്കെട്ട് '2020ലെ കേരള ക്രിസ്ത്യൻ (മലങ്കര ഓർഡോക്സ് യാക്കോബായ) സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള ബിൽ' എന്ന് തിരുത്തി.
ഓർഡിനൻസിൽ രണ്ട് വിഭാഗങ്ങളുടെ പേരെടുത്ത് വ്യക്തമായി പറഞ്ഞിരുന്നെങ്കിലും ബില്ലിൽ അതുണ്ടായിരുന്നില്ല.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് ഡോ.എം.കെ. മുനീറും ഉന്നയിച്ച ആശങ്കകൾ പരിഹരിച്ചതായും വിവിധ സഭാനേതാക്കൾ നൽകിയ നിവേദനത്തെ സർക്കാർ ഗൗരവമായി കണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തിയതായും മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
ഒരു ഇടവകയിൽ ഉൾപ്പെടുന്ന കുടുംബങ്ങളിലെ എല്ലാ അംഗങ്ങൾക്കും അവരുടെ പൂർവികരെ അടക്കം ചെയ്തിട്ടുള്ള സെമിത്തേരിയിൽ മൃതശരീരം സംസ്കരിക്കാൻ അവകാശമുണ്ട്. ഇടവകയിലെ വികാരി സെമിത്തേരിയിൽ നടത്തപ്പെട്ട ശവം അടക്കൽ നിർണയിക്കാൻ ഒരു പ്രത്യേക രജിസ്റ്റർ വയ്ക്കണം. ഈ റജിസ്റ്റർ സ്ഥിരം രേഖയായി സൂക്ഷിക്കുകയും അപേക്ഷ സ്വീകരിച്ച് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യാവുന്നതാണെന്നും ബില്ലിൽ പറയുന്നു.