പാറശാല: മാലിന്യപ്രശ്നം അതിരൂക്ഷമാകുന്നതിനിടെ അതിർത്തി ഗ്രാമങ്ങളിലേക്ക് ഇത്തരം മാലിന്യങ്ങൾ തള്ളുന്നതിന് യാതോരുകുറവും ഇല്ല. പലയിടത്തു നിന്നുള്ള മാലിന്യങ്ങൾ ചാക്കിലും പ്ളാസ്റ്റിക് കാരിബാഗുകളിലുമെല്ലാം നിറച്ച് അതിർത്തി ഗ്രാമങ്ങളിലേയ്ക്ക് വണ്ടികയറ്റി വിടുന്ന സംബൃദായമാണ് നടക്കുന്നത്. ജില്ലയിലെ മാലിന്യങ്ങൾ നിക്ഷേപിക്കേണ്ടത് അതിർത്തി മേഖലകളിലെ പഞ്ചായത്തുകളിലാമെന്ന മട്ടാണ്. അറവുശാലകൾ, ഹോട്ടലുകൾ, എന്നിവിടങ്ങളിൽ നിന്നും പുറം തള്ളുന്ന മാംസാവശിഷ്ടങ്ങൾ, ആഹാര അവശിഷ്ടങ്ങൾ, വിവാഹ, സ്വീകരണ പാർട്ടികളിലെ ആഹാര അവശിഷ്ടങ്ങൾ എന്നിവയെല്ലാം നിക്ഷേപിക്കാനിടമില്ലാതെ അതിർത്തിയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് കയറ്റിവിടുകയാണ്. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി കരാർ ഏറ്റെടുത്തിട്ടുള്ള മാഫിയാ സംഘങ്ങൾ ആണ് മാലിന്യങ്ങൾ പൊതുനിരത്തിൽ നിക്ഷേപിക്കുന്നത്. പാറശാല, കാരോട്, ചെങ്കൽ, കൊല്ലയിൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിരവധി തവണ മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം കടന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും പഞ്ചായത്ത് അധികൃതർ ഇടപെട്ടാണ് അവ കുഴിച്ചിടുന്നത്. പഞ്ചായത്ത് വക ഫണ്ട് ചെലവഴിച്ച് മാലിന്യങ്ങൾ മറവ് ചെയ്യുന്നത് കാരണം വൻ തുക തന്നെ ഇതിന് വേണ്ടി ചെലവ് ചെയ്യാറുണ്ടെങ്കിലും നടപടികൾക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതരോ ബന്ധപ്പെട്ട പൊലീസ് അധികൃതരോ തയ്യാറാവുന്നില്ല.
ഉടമകളിൽ നിന്നും വൻ തുകകൾ ഈടാക്കി മാലിന്യം നിക്ഷേപിക്കുന്ന സംഘങ്ങൾ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മാലിന്യം കരാറടിസ്ഥാനത്തിൽ ലോറിയിൽ കയറ്റി രാത്രിയിൽ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ എത്തിച്ച് പൊതു നിരത്തുകളിലും, സ്വകാര്യ വസ്തുക്കളിലും നിക്ഷേപിക്കും. ലോറികളിൽ എത്തിക്കുന്ന മാലിന്യങ്ങൾ തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോകുന്നതായുള്ള വ്യാജേന അതിർത്തി പ്രദേശങ്ങളിൽ എത്തിക്കും. അല്ലാത്ത പക്ഷം വാഹനം തകരാറാണെന്ന് പറഞ്ഞ് വാഹനം ഉപേക്ഷിച്ച ശേഷം കടന്ന് കളയും.
ടൺകണക്കിന് മാലിന്യം ഇതിനോടകം അതിർത്തിഗ്രാമങ്ങളിലെത്തിക്കഴിഞ്ഞു. റോഡിലും പരിസരത്തും മാലിന്യം നിറഞ്ഞതോടെ രോഗങ്ങളും പടർന്നു തുടങ്ങി. മേഖലകളിൽ പനിയും ഛർദിയും വയറിളക്ക രോഗവുമെല്ലാം ബാധിച്ചുകഴിഞ്ഞു. പരിസര ശുചിത്വത്തെക്കുറിച്ച് സർക്കാർ മുന്നറിയിപ്പ് നൽകുമ്പോഴും മാലിന്യത്താൽ ചുറ്റപ്പെട്ട റോഡിലും മറ്റ് വഴിവക്കിലൂടെയും സഞ്ചരിക്കാൻ വിധിക്കപ്പെട്ട് കഴിയുകയാണ് അതിർത്തിഗ്രാമങ്ങളിലെ ജനത.