തിരുവനന്തപുരം: കാലാവധി പൂർത്തിയാകാത്ത 400 ബസുകൾ ആക്രി വിലയ്ക്ക് വിറ്റഴിക്കാൻ കെ.എസ്.ആർ.ടി.സി നടത്തിയ നീക്കം മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ട് തടഞ്ഞു. ബസുകൾ നന്നാക്കിയെടുത്ത് യാത്രാ ക്ലേശമുള്ള റൂട്ടുകളിൽ സർവീസ് നടത്താനും നിർദേശിച്ചു.
കെ.എസ്.ആർ.ടി.സിയുടെ ആവശ്യം കൂടി പരിഗണിച്ചാണ് ട്രാൻസ്പോർട്ട് ബസുകളുടെ കാലാവധി 15 വർഷത്തിൽ നിന്നു 20 വർഷമാക്കി മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചത്. പത്തു വർഷം കാലാവധി പൂർത്തിയാക്കിയ ബസുകളാണ് ആക്രിവിലയ്ക്ക് വിൽക്കാൻ നീക്കം നടത്തിയത്. വിൽക്കാനുള്ള തീരുമാനം എന്തടിസ്ഥാനത്തിലാണെടുത്തതെന്ന് മന്ത്രിയോട് വിശദീകരിക്കാൻ ഇന്നലെ ഉദ്യോഗസ്ഥർക്കായില്ല.
ഒരു ബസ് പരമാവധി 10 വർഷം അല്ലെങ്കിൽ 10 ലക്ഷം കിലോമീറ്ററേ ഉപയോഗിക്കാനാകൂ എന്നാണ് കെ.എസ്.ആർ.ടി.സി സാങ്കേതിക വിഭാഗത്തിന്റെ റിപ്പോർട്ട്. ഇത് സാങ്കേതിക വിദഗ്ദ്ധർ തള്ളിക്കളയുന്നു. സ്വകാര്യബസുകാർ 15 വർഷം കഴിഞ്ഞ 2000 ബസുകൾ ഉപയോഗിക്കുന്നുണ്ട്. സ്വന്തമായി വർക്ക്‌ഷോപ്പും ജീവനക്കാരുമുള്ള കെ.എസ്.ആർ.ടി.സിക്ക് ബസുകൾ കുറഞ്ഞ ചെലവിൽ നന്നാക്കിയെടുക്കാൻ കഴിയണം. അറ്റകുറ്റപ്പണി കൃത്യമായും സമയാസമയങ്ങളിലും ചെയ്യാത്തതാണ് ബസുകൾ നാശോന്മുഖമാക്കുന്നത്. മെക്കാനിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിലും നടത്തിപ്പിലും കാര്യമായ പാളിച്ചകൾ ഉണ്ടാകുന്നുണ്ടെന്നാണ് നിഗമനം.
അതേസമയം, 10 വർഷം കഴിഞ്ഞ ബസുകൾ കടുത്ത സാമ്പത്തിക നഷ്ടമാണ് വരുത്തുന്നതെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ വിശദീകരണം.
ആക്രിവില 80,000 രൂപ!
ആക്രി വിൽപ്പനയിലും ക്രമക്കേടുള്ളതായി സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. 10 വർഷം പഴക്കമുള്ള ബസുകൾ വിൽക്കുകയാണെങ്കിൽ അത് സെക്കൻഡ് ഹാൻഡ് ഉപയോഗത്തിന് വേണം നൽകേണ്ടത്. 20 വർഷം വരെ ആയുസുള്ള ബസുകൾ വിൽക്കുമ്പോൾ അതിന് അനുസൃതമായ മൂല്യം ലഭിക്കണം. ഉപയോഗശൂന്യമെന്ന പേരിൽ ആക്രിക്ക് വിൽക്കുമ്പോൾ പരമാവധി 80,000 രൂപയാണ് കിട്ടുന്നത്.