തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർക്കാർ പുതിയ വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്നുവെന്ന ആരോപണം തെറ്റെന്ന് ധനമന്ത്രി തോമസ് ഐസക് വാർത്താലേഖകരോട് പറഞ്ഞു. നേരത്തേ വാങ്ങാൻ തീരുമാനിച്ച വാഹനങ്ങളുടെ പട്ടികയാണ് അംഗീകാരത്തിനായി ഉപധനാഭ്യർത്ഥനയിലൂടെ നിയമസഭയിൽ സമർപ്പിച്ചത്. അത് വാങ്ങിക്കഴിഞ്ഞതാണ്. വാടകയ്ക്ക് വാഹനം വാങ്ങാനുളള തീരുമാനം ആർക്കൊക്കെ ബാധകമാകുമെന്ന കാര്യത്തിലും എത്ര വാഹനങ്ങൾ വാങ്ങാം എന്ന കാര്യത്തിലും തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ചെലവ് ചുരുക്കാനായി വാഹനങ്ങൾ വാടകയ്ക്കെടുക്കുന്ന രീതി നടപ്പാക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ച ദിവസം തന്നെ സഭയിൽ അവതരിപ്പിച്ച ഉപധനാഭ്യർത്ഥനയിലാണ് എട്ട് പുതിയ കാറുകൾ വാങ്ങാനുള്ള തീരുമാനത്തിന്റെ പട്ടികയുണ്ടായത്.