01

കുളത്തൂർ : വേളി ടൂറിസ്റ്റ് വില്ലേജിൽ ഇനി സഞ്ചാരികൾക്ക് തടസം കൂടാതെ ബോട്ടിംഗ് നടത്താം. മാലിന്യ നിക്ഷേപവും കുളവാഴകളും നിറഞ്ഞ് മലിനമായ വേളികായലിലും ആക്കുളം ബോട്ട് ക്ലബിലും സഞ്ചാരികളുടെ ബോട്ട് യാത്രയ്ക്ക് തടസമായി നിന്ന കുളവാഴകൾ നീക്കം ചെയ്യാൻ ഇറക്കുമതി ചെയ്ത ബെർക്കി വീഡ് ഹാർവെസ്റ്റർ യന്ത്രം ഇന്നലെ വേളി ടൂറിസ്റ്റ് വില്ലേജിൽ പ്രവർത്തനം തുടങ്ങി. സംസ്ഥാന ഉപരിജല ഗതാഗത വകുപ്പാണ് ജർമനിയിൽ നിന്ന് യന്ത്രം എത്തിച്ചത്. കൺവെയർ ബെൽറ്റുകൾ ശേഖരിക്കുന്ന കുളവാഴകൾ കരയിലെത്തിച്ച് നശിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് യന്ത്രം പ്രവർത്തിക്കുന്നത്. കുളവാഴകളെ കൂടാതെ വേരുറപ്പിച്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ജലസസ്യങ്ങൾ, മാലിന്യങ്ങൾ ,പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ എന്നിവ ജലോപരിതലത്തിൽ നിന്ന് നേരിട്ട് ശേഖരിച്ചാണ് കരയിലെത്തിക്കുന്നത്. കൂടാതെ കായൽ കരയിലെ വശങ്ങളിൽ വളർന്നുകിടക്കുന്ന പാഴ് ചെടികളും കുറ്റിച്ചെടികളും നീക്കം ചെയ്യാനും പുതിയ യന്ത്രം ഉപകരിക്കും. ആക്കുളം കായലിന്റെ സമഗ്ര പുനരുജ്ജീവന പദ്ധതിക്ക് 64.13 കോടി രൂപയുടെ അനുമതിയാണ് കിഫ്ബി നൽകിയിട്ടുള്ളത്. പരിസ്ഥിതി സൗഹാർദ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആക്കുളം കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതികൾ കായലിലെ മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിനുള്ള സാഹചര്യം ഒരുക്കും.

അനുവദിച്ചത് 64.13 കോടി രൂപയുടെ പദ്ധതികൾ

1.ആക്കുളത്തെ രണ്ടാമത്തെ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാലത്തിന് സമീപം രൂപപ്പെട്ട ബണ്ട് നീക്കം ചെയ്യും
2. ബോട്ടിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കും.
3.ആക്കുളം കായലിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന ഉള്ളൂർ, പട്ടം, പഴവങ്ങാടി, മെഡിക്കൽ കോളേജ് തോടുകൾ നവീകരിക്കും.
4. സാഹസിക വാട്ടർ സ്‌പോർട്‌സ് ഇനങ്ങൾ ഏർപ്പെടുത്തും.
5. ആധുനിക സൗരോർജ ബോട്ടുകൾ ഉടൻ നീറ്റിലിറക്കും.

പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ആക്കുളം ബോട്ട് ക്ലബും വേളി ടൂറിസ്റ്റ് വില്ലേജും അന്താരാഷ്ട്ര നിലവാരമുള്ള ഉല്ലാസ കേന്ദ്രമായി മാറും -അധികൃതർ