കഴക്കൂട്ടം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന തീരക്കടലിലെ ലൈറ്റ് ഫിഷിംഗ് തടയാൻ കോസ്റ്റ് ഗാർഡും തീരദേശ പൊലീസും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തുമ്പയിൽ മത്സ്യത്തൊഴിലാളികൾ തീരദേശ പാത ഉപരോധിച്ചു. ശക്തിയേറിയ ലൈറ്റുകൾ ഉപയോഗിച്ച് മറ്റുള്ള സ്ഥലങ്ങളിൽ നിന്നെത്തുന്ന വള്ളങ്ങൾ രാത്രികാലങ്ങളിൽ തുമ്പ കടലിൽ മീൻ പിടിക്കുന്നതിനാൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം ലഭിക്കാറില്ല. ഇത്തരത്തിലുള്ള മത്സ്യ ബന്ധനം കടലിലെ ആവാസ വ്യവസ്ഥയെ തകർക്കുമെന്ന് തൊഴിലാളികൾ പറയുന്നു. മാത്രമല്ല ഇവർ ചെറുവള്ളങ്ങളിലെത്തുന്നവരുടെ വല അറുത്തു വിടുകയും ആക്രമിക്കുകയും ചെയ്യാറുണ്ട്. 15 ലക്ഷം മുടക്കി തുമ്പ കടലിൽ നിക്ഷേപിച്ചിട്ടുള്ള കൃത്രിമ പാരിനും ഇത് കേടുപാടുണ്ടാക്കി. ലൈറ്റ് ഫിഷിംഗ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരോധിച്ചിട്ടുണ്ട്. ഉപരോധത്തെ തുടർന്ന് കഴക്കൂട്ടം അസി.കമ്മിഷണറുടെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികളുമായി ചർച്ച നടത്തി. കോസ്റ്റു ഗാർഡുമായി വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.