തിരുവനന്തപുരം : നഗരം സ്മാർട്ടാക്കാനുള്ള സ്വപ്ന പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. സ്മാർട്ട് സിറ്റി പട്ടികയിൽ ഇടംപിടിച്ചിട്ട് മൂന്നു വർഷമായെങ്കിലും പ്രവർത്തന പുരോഗതി നേടാൻ കഴിഞ്ഞിട്ടില്ല. പദ്ധതിക്കായുള്ള പണം ചെലവഴിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. തുടർന്ന് ഇന്നലെ നഗരസഭയിൽ മേയറുടെ അദ്ധ്യക്ഷതയിൽ സ്മാർട്ട് സിറ്റി അവലോകന യോഗം ചേർന്നു. സാങ്കേതികമായ തടസങ്ങളാണെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഉദ്യോഗസ്ഥരുടെ മറുപടിയിൽ മേയർ കെ.ശ്രീകുമാർ അതൃപ്തനായി. തുടർന്ന് സാങ്കേതിക തടങ്ങൾ മാറ്റാത്തതിന്റെ പേരിൽ പദ്ധതി വൈകിപ്പിക്കരുതെന്നായിരുന്നു മേയറുടെ നിലപാട്. അതിവേഗത്തിൽ പൂർത്തീകരിക്കാൻ കഴിയുന്ന പദ്ധതികൾ പോലും നീണ്ടുപോകുന്നത് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണെന്നും അദ്ദേഹം തുറന്നടിച്ചു.
പുരോഗമിക്കുന്ന പദ്ധതികളെക്കുറിച്ച് ദിവസവും റിപ്പോർട്ട് തയ്യാറാക്കാനും ആഴ്ചയിലൊരിക്കൽ അവലോകന യോഗം ചേരാനും തീരുമാനിച്ചു. നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, മുൻ ആസൂത്രണ ബോർഡ് അംഗം ജി. വിജയരാഘവൻ, നഗരസഭാ സെക്രട്ടറി ദീപ എൽ. എസ്. എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അടിയന്തരമായി പൂർത്തിയാക്കേണ്ടവ
രാജാജി നഗറിലെ പ്രാഥമികാരോഗ്യ കേന്ദ്രം
അംഗൻവാടി നിർമ്മാണം
ആർ.കെ.വി റോഡിലെ വെൻഡിംഗ് സോൺ
നഗരസഭയിലെ ജനസൗഹൃദകേന്ദ്രം
ഫോർട്ട് ചരിത്രവീഥി പദ്ധതി
ഇവ അടിയന്തരമായി പൂർത്തീകരിക്കാൻ മേയർ നിർദ്ദേശം നൽകി.
എങ്ങുമെത്താത്ത പദ്ധതിയുടെ പുരോഗതി
(യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചത്)
33പദ്ധതികൾക്കായി 1314കോടി രൂപയുടെ വിശദമായ പദ്ധതി തയ്യാറാക്കി
901.80കോടി രൂപയുടെ 30പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു
749.33 കോടി രൂപയുടെ 26 പദ്ധതികൾക്ക് സാങ്കേതികാനുമതി ലഭിച്ചു
291.96 കോടി രൂപയുടെ 17പദ്ധതികൾ ചെയ്തു
187.49 കോടി രൂപയുടെ പദ്ധതികൾക്ക് പ്രവർത്തനാനുമതി ലഭിച്ചു
പദ്ധതികൾ പലതും നീണ്ടുപോകാൻ കാരണം ഉദ്യോഗസ്ഥരുടെ അലംഭാവംകൊണ്ട്
മാത്രമാണ് --മേയർ കെ.ശ്രീകുമാർ