തിരുവനന്തപുരം: വിമാനത്താവളത്തിൽ യാത്രക്കാരന്റെ പക്കൽ നിന്ന് 11 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി. ഇന്നലെ രാത്രി 8.29ന് ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ വെഞ്ഞാറമൂട് പുല്ലമ്പാറ പെരുമന സ്വദേശി മുഹമ്മദ് കാസിം ഹർഷാദിൽ നിന്നാണ് വിദേശകറൻസി പിടികൂടിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നുള്ള പരിശോധനയിൽ ഹാൻഡ് ബാഗിൽ നിന്നാണ് 11 ലക്ഷത്തിന്റെ യു.എസ് ഡോളർ, യൂറോ എന്നിവ കണ്ടെത്തിയത്. കസ്റ്റംസിന്റെ തിരുവനന്തപുരം പ്രിവന്റീവ് യൂണീറ്റിലെ ഡിവിഷൻ സൂപ്രണ്ട് ബാൽരാജ് മേനോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബിസിനസ് സംബന്ധമായ ആവശ്യത്തിനാണ് പണം കൊണ്ടുപോകുന്നതെന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞെു. എന്നാൽ ഇയാളുടെ യാത്ര റദ്ദാക്കി കൂടുതൽ ചോദ്യം ചെയ്‌തു വരികയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.