തിരുവനന്തപുരം: ആനകളെ പരിശോധിക്കുന്ന വനം വകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡിന്റെ പേരിൽ ഉത്സപ്പറമ്പുകളിലെത്തി പണം തട്ടുന്ന സംഘം പൊലീസ് പിടിയിൽ. പേട്ട മൂന്നാംമനയ്ക്കൽ ക്ഷേത്രത്തിൽ നിന്നാണ് വ്യാജ സ്‌ക്വാഡിനെ പേട്ട പൊലീസ് പിടികൂടിയത്. കൊല്ലം ഐവർകാല കോവിൽ കുഴിയിൽ വീട്ടിൽ അരുൺ (26), നെടുമങ്ങാട് കരിപ്പൂർ പനങ്ങോട് മണ്ണവിളാകം വീട്ടിൽ ശ്രീജേഷ് (33) എന്നിവരാണ് പിടിയിലായത്. ഉത്സവം നടക്കുന്ന ക്ഷേത്രങ്ങൾ സന്ദർശിച്ച് ഭാരവാഹികളെയും ആന പാപ്പാൻമാരെയും വിരട്ടി പണം കവരുന്ന സംഘമാണിതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആനപ്രേമികൾ സംഘത്തെ പിന്തുടർന്നു. ഇന്നലെ വൈകിട്ട് പേട്ട മൂന്നാം മനയ്ക്കൽ ക്ഷേത്രത്തിലെത്തിയ സംഘം എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയെ പരശോധിക്കുകയും പാപ്പാൻമാരെയും ക്ഷേത്രഭാരവാഹികളെയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതോടെ ഇവരെ നാട്ടുകാരും ഭാരവാഹികളും ചേർന്ന് തടഞ്ഞുവച്ചു. ആനപ്രേമികൾ മറു ചോദ്യങ്ങൾ ചോദിച്ചപ്പോൾ ആനയെ മരുന്ന് കൊടുത്തു മയക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ക്ഷേത്ര ഭാരവാഹികൾ പേട്ട പൊലീസിനെ വിവരമറിയിച്ചത്. വാടകയ്ക്കെടുത്ത കാറിൽ എലിഫന്റ് ക്രിട്ടിക്കൽ കെയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റ് എന്ന് രേഖപ്പെടുത്തിയിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.