radio-

തിരുവനന്തപുരം: 'ഏറ്റെടുത്തിരിക്കുന്നത് സുപ്രധാന ചുമതലയാണെന്ന തോന്നൽ പുതുതലമുറയിലെ വാർത്താ അവതാരകർക്കില്ല. ഗൗരവമില്ലാതെയും അശ്രദ്ധവുമായാണ് ഇപ്പോൾ പലരുടെയും വായന. വാക്കുകൾ കൃത്യമായി ഉച്ചരിക്കില്ല. വാർത്താവായന വെറുമൊരു തൊഴിൽമേഖല മാത്രമായിരിക്കുന്നു. പത്തു മിനിട്ട് റേഡിയോ വാർത്ത തയ്യാറാക്കാൻ അന്ന് മൂന്നു മണിക്കൂർ നേരത്തെ അദ്ധ്വാനമായിരുന്നു. അതൊരു കാലം... "- ന്യൂജെൻ കാലത്തെ വാർത്താ വായനയിലെ മൂല്യത്തകർച്ച കാണുമ്പോൾ 52 വർഷം ആകാശവാണിയിൽ ഇടറാതെ വാർത്തകൾ വായിച്ച എം.രാമചന്ദ്രന്റെ തൊണ്ടയിടറുന്നു. എഫ്.എം റേഡിയോകൾ കൂണുപോലെ മുളയ്‌ക്കുന്ന ഇക്കാലത്ത്,​ പൂജപ്പുര മുടവൻമുകളിലെ വീട്ടിൽ വിശ്രമജീവിതത്തിനിടെ രാമചന്ദ്രൻ പഴയ റേഡിയോകാലം ഓർത്തെടുക്കുന്നു.

യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോഴാണ് ആകാശവാണിയാണ് തന്റെ ജീവിതമെന്ന് രാമചന്ദ്രൻ തിരിച്ചറിഞ്ഞത്. പഠനശേഷം വൈദ്യുതി ബോർഡിൽ ക്ളാർക്കായി. പാതിമനസ്സുമായി ജോലിയിൽ തുടരുന്നതിനിടെയാണ് ഡൽഹി ആകാശവാണിയിൽ കാഷ്വൽ വാർത്താ വായനക്കാരനായത്. ജോലിയിൽ പ്രവേശിച്ച് പത്താം ദിവസം വാർത്ത വായിക്കാനുള്ള അസുലഭാവസരം! മൂന്നുവർഷം ഡൽഹിയിൽ തുടർന്നു. ഇന്ദിരാഗാന്ധി വാർത്താ വിതരണ വകുപ്പു മന്ത്രിയായിരിക്കെ രാമചന്ദ്രൻ അടക്കമുള്ളവരെ സ്ഥിരപ്പെടുത്തി. പിന്നീട് കോഴിക്കോട്ട് എത്തിയ രാമചന്ദ്രൻ അവിടെ മലയാള വാർത്താവിഭാഗം രൂപീകരിച്ചു. രണ്ടു വർഷത്തിനു ശേഷം തലസ്ഥാനത്തെത്തി. പ്രതാപനായിരുന്നു അന്ന് ന്യൂസ് റീ‌ഡർ ആയി ഒപ്പം.

ഇന്ദിരയുടെ മരണം
രാമചന്ദ്രന്റെ റേഡിയോ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത വാർത്ത,​ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധമായിരുന്നു. 1984 ഒക്ടബോർ 31നു രാവിലെയാണ് ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതെങ്കിലും വൈകിട്ട് 6.15നു മാത്രമാണ് ആകാശവാണി വാർത്ത പുറത്തുവിട്ടത്. കേന്ദ്രം മരണവിവരം പുറത്തുവിടാത്തതിനാലായിരുന്നു അത്. മരണവിവരം നേരത്തെ അറിഞ്ഞ രാമചന്ദ്രൻ ഇന്ദിരാവധം പ്രധാന വാർത്തയാക്കിയും അതില്ലാതെയും രണ്ടു ബുള്ളറ്റിനുകൾ തയ്യാറാക്കിയിരുന്നു. വൈകിട്ട് 6ന് ആകാശവാണി ഇംഗ്ളീഷ് വാർത്തയിൽ മരണവിവരം പ്രഖ്യാപിച്ചു. പിന്നാലെ 6.15ന് രാമചന്ദ്രനിലൂടെ മലയാളികളും ഇന്ദിരയുടെ മരണവാർത്തയറിഞ്ഞു.

ചുറ്റിച്ച അപരൻ
ജോലിയിലായിരുന്നപ്പോഴും വിരമിച്ചപ്പോഴും മാവേലിക്കര രാമചന്ദ്രൻ എന്ന,​ ആകാശവാണിയിലെ 'അപരൻ' ചുറ്റിച്ച കഥയും രാമചന്ദ്രനുണ്ട്. രാമചന്ദ്രൻ ജോലിയിൽ പ്രവേശിച്ച് രണ്ടു മാസത്തിനു ശേഷമാണ് മാവേലിക്കര രാമചന്ദ്രൻ അവിടെയത്തുന്നത്. ഒരേ പേരായതോടെ രണ്ടാമന്റെ പേരിനൊപ്പം മാവേലിക്കര എന്ന് സ്ഥലപ്പേരു ചേർത്തു. വാർത്ത വായിക്കുന്നയാളെ തിരിച്ചറിയുന്ന സൂചനകളൊന്നും പാടില്ലെന്ന കർശന വ്യവസ്ഥ ഇളവു ചെയ്താണ് മാവേലിക്കര എന്ന സ്ഥലപ്പേര് ചേർത്തത്. വിരമിച്ച ശേഷം മാവേലിക്കര രാമചന്ദ്രനെ കാണാതായപ്പോൾ അത് എം.രാമചന്ദ്രനാണെന്ന് കരുതിയവരും ഏറെയാണ്.