എഴുകോൺ: വാങ്ങിയ ഇറച്ചിയിൽ എല്ല് കൂടുതലാണെന്ന് പരാതിപ്പെട്ട ആട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപിച്ചു. ചീരൻകാവ് കാരുവേലിൽ സ്വദേശി ഷാജിക്കാണ് കുത്തേറ്റത്. മാറനാട് കാഞ്ഞിരംവിള സ്വദേശികളായ രമേശൻ, ശ്യാം എന്നിവരാണ് പ്രതികൾ. ഇന്നലെ രാത്രി 7 ഓടെ ചീരൻകാവ് ജംഗ്ഷന് സമീപമായിരുന്നു സംഭവം. ഇന്നലെ രമേശനും ശ്യാമും ഇറച്ചി കച്ചവടം നടത്തിയിരുന്നു.
ഷാജി ഇവരുടെ പക്കൽ നിന്ന് ഇറച്ചി വാങ്ങി സുഹൃത്തുകൾക്ക് നൽകി. എന്നാൽ ഇറച്ചിയിൽ എല്ല് കൂടുതലായിരുന്നെന്ന് സുഹൃത്തുകൾ പരാതിപ്പെട്ടതായി ഷാജി പ്രതികളോട് പറഞ്ഞത് വാക്ക് തർക്കത്തിനിടയാക്കി. ഇതിനിടെ പ്രതികളിൽ ഒരാൾ കഠാര ഉപയോഗിച്ച് ഷാജിയെ കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ ഒളിവിലാണ്. എഴുകോൺ പൊലീസ് കേസെടുത്തു.