ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനെ വെടിവച്ച് കൊന്നു. ഡൽഹി നോർത്ത് കൊത്ത്‌വാലിയിലെ തിലക് നഗറിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് സംഭവം അരങ്ങേറിയത്. കേസിലെ പ്രതി തന്നെയാണ് പെൺകുട്ടിയുടെ അച്ഛന് നേരെ വെടിയുതിർത്തത് എന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. തന്നെ പീഡിപ്പിച്ച ആസ്‌മാൻ ഉപാദ്ധ്യായയ്ക്ക് എതിരായി പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഉപാദ്ധ്യായയ്ക്ക് നേരെ ചെറുവിരലനക്കാൻ പൊലീസ് തയാറായില്ല. കേസ് പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉപാദ്ധ്യായയുടെ ഭാഗത്ത് നിന്ന് നിരന്തരം ഭീഷണിയാണ് പെൺകുട്ടിയും വീട്ടുകാരും നേരിട്ടിരുന്നത്. വീട്ടിൽ കടന്നുകയറി പല തവണ ഉപാദ്ധ്യായയുടെ സംഘം ഭീഷണി മുഴക്കിയതോടെ ഫെബ്രുവരി ഒന്നാം തീയതി ഉപാദ്ധ്യായയ്ക്കെതിരെ പെൺകുട്ടിയും കുടുംബവും വീണ്ടും കേസ് ഫയൽ ചെയ്‌തു. എന്നാൽ പൊലീസ് വീണ്ടും നിഷ്‌ക്രിയരായി നോക്കി നിന്നു.
തുടർന്നായിരുന്നു തിങ്കളാഴ്ച രാത്രിയോടെ പെൺകുട്ടിയുടെ അച്ഛൻ വെടിയേറ്റ് മരിക്കുന്നത്. സംഭവത്തെതുടർന്ന് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്‌തതായി ഫിറോസാബാദ് സീനിയർ സൂപ്രണ്ടന്റ് ഓഫ് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.