drug

കൊച്ചി: ലഹരിക്കടത്തുമായി എല്ലാ മാസവും രണ്ടു തവണ കൊച്ചിയിലെത്തുന്ന സോളാജർ സഹാനി മയക്കുമരുന്നു കടത്തിലെ വിരുതനെന്ന് പൊലീസ്. അന്യസംസ്ഥാനക്കാർക്കിടയിൽ വൻ തോതിൽ ലഹരി വിറ്റഴിച്ചിരുന്ന ഇയാൾ 20 കിലോ ഗ്രാം കഞ്ചാവുമായാണ് ഓരോ തവണയും കൊച്ചിയിലെത്തുന്നത്. ലഹരിക്കടത്തിൽ വിരുതനായ സോളാജർ സഹാനി ഇന്നലെ പിടിയിലായതോടെ അന്യസംസ്ഥാന ലഹരിക്കടത്തിലെ പ്രധാന പ്രതിയാണ് പൊലീസ് പിടിയിലായത്.

അന്യസംസ്ഥാനക്കാർക്കിടയിൽ വ്യാപകമായി ലഹരി വിറ്റഴിക്കുന്ന ഇയാൾ ദാദാബായി എന്ന പേരിലാണ് അമ്പലമേട് ഭാഗങ്ങളിൽ അറിയിപ്പെട്ടിരുന്നത്. ആറു കിലോഗ്രാം കഞ്ചാവുമായാണ് ബിഹാർ സ്വദേശിയായ സോളാജർ സഹാനിയെ കൊച്ചി സിറ്റി ഡാൻസാഫും, അമ്പലമേട് പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾ വഴി ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് കൊച്ചിയിൽ എത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇന്നലെ പിടികൂടിയ കഞ്ചാവിന് വിപണിയിൽ 12 ലക്ഷം രൂപാ വില വരുമെന്ന് പൊലീസ് പറഞ്ഞു. ആൾത്തിരക്കുള്ള ഭാഗങ്ങളിൽ പോലും തന്ത്രപൂർവം വിൽപന നടത്തി മടങ്ങുന്ന ഇയാൾ ലഹരിമരുന്ന് മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ്. ഈ മാസം കഴിഞ്ഞ പത്തു ദിവസങ്ങൾ കൊണ്ട് മാത്രം നഗരത്തിൽ നിന്ന് 30 കിലോഗ്രാമിലധികം കഞ്ചാവും,ലക്ഷങ്ങളുടെ സിന്തറ്റിക് ഡ്രഗ്‌സുകളുമാണ് ഡാൻസാഫ് പിടികൂടിയത്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജി പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.