തിരുവനന്തപുരം: കുഴഞ്ഞു വീണ് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 50 വയസിനു മുകളിലുള്ളവരാണ് മരിക്കുന്നതിൽ കൂടുതലും. ഹൃദയസ്തംഭനവും രക്തസമ്മർദവും മൂലവും തലച്ചോറിൽ രക്തം കട്ടപിടിച്ചുമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു.
വേനൽകടുത്തതോടെ പല കാരണങ്ങളാലും കുഴഞ്ഞു വീണു മരണങ്ങൾ കൂടുന്നു. അധികമായി വിയർക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു. ഇത് സോഡിയത്തിന്റെ അളവു കുറയ്ക്കും. ആദ്യം ക്ഷീണം, തളർച്ച, പേശി വലിവ് തുടങ്ങിയവ അനുഭവപ്പെടാം. ഇത് പരിഹരിക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, സംഭാരം, ഇളനീർ എന്നിവ ധാരാളമായി കുടിക്കണം. ചൂടു കൂടിയ സാഹചര്യത്തിൽ നിന്നു മാറി നിൽക്കുക, വിശ്രമം തുടങ്ങിയ മാർഗങ്ങളിലൂടെ താപത്തളർച്ച പരിഹരിക്കണം. ഇത് അവഗണിച്ചാൽ താപത്തളർച്ച മൂർച്ഛിച്ചു താപാഘാതം അഥവാ ഹീറ്റ് സ്‌ട്രോക്ക് എന്ന ഗുരുതരാവസ്ഥയുണ്ടാകും.
ശരീരത്തിൽ താപനിയന്ത്രണ സംവിധാനം തകരാറിലാകുന്ന അവസ്ഥയിൽ തൊലിയിലേക്കുള്ള രക്തയോട്ടം നിലച്ച് വിയർക്കൽ പൂർണമായും ഇല്ലാതാകും. കടുത്ത പനി പോലെ ശരീര താപനില ഉയരും. നാഡിമിടിപ്പ് വർദ്ധിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണംവരെ സംഭവിക്കാം.
മാർച്ച് പകുതി കഴിയുന്നതോടെ രാത്രി താപനില ഉയരുന്നതും മരണം വർദ്ധിക്കാൻ ഇടയുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ മഴ കിട്ടി അന്തരീക്ഷ താപനില താഴുന്നതു വരെ നേരിട്ട് ഉച്ചവെയിൽ കൊള്ളുന്നതും കഠിനമായ അദ്ധ്വാനവും ഒഴിവാക്കണം.