malayinkil
വിളവൂർക്കൽ പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം: പദ്ധതി പ്രദേശത്ത് നിന്ന് കുടിവെള്ളം വില്പ തകൃതി

മലയിൻകീഴ്: പഞ്ചായത്തിലെ ചൂഴാറ്റുകോട്ട പമ്പ് ഹൗസിൽ നിന്ന് ആഴ്ചകളായി കുടിവെള്ളം ലഭിക്കാതെ പൊതുജനങ്ങൾ. എന്നാൽ ഈ പ്ലാന്റിൽ നിന്നാകട്ടെ നിത്യേന വിൽക്കുന്നത് 12 ലക്ഷത്തിലേറെ ലിറ്റർ കുടിവെള്ളവും. സ്കൂളുകൾ, ആശുപത്രി, ഹോട്ടൽ എന്നിവയ്ക്കെന്ന് പറഞ്ഞ് കുടിവെള്ള മാഫിയ കൊണ്ടുപോകുന്ന വെള്ളം വൻതുകയ്ക്ക് വൻകിട നിർമ്മാണ പ്രവർത്തനങ്ങൾക്കായി മറിച്ചു വിൽക്കുകയാണ്.

വേങ്കൂർ ഭാഗത്തും ഈസ്റ്റ് ചർച്ച് സ്ഥിതിചെയ്യുന്നിടത്തുമായി നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇവിടെ കഴിഞ്ഞ ഒന്നര മാസമായി പൈപ്പ് വെള്ളം കിട്ടുന്നില്ല. വിളവൂർക്കൽ അയണിയോട് ഭാഗത്തും ഇതുതന്നെയാണ് അവസ്ഥ.
കഴിഞ്ഞ ദിവസം വേങ്കൂർ നിവാസികൾ കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചൂഴാറ്റുകോട്ട പാന്റിന് മുന്നിൽ പ്രതിഷേധം നടത്തിയെങ്കിലും മോട്ടോർ തകരാർ കാരണമാണ് കുടിവെള്ളം നൽകാനാകാത്തതെന്നാണ് വാട്ടർ അതോറിട്ടി അധികൃതരുടെ വാദം. കുടിവെള്ളം മുടങ്ങുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ജനപ്രതിനിധികളും നാട്ടുകാരും പലവട്ടം ഈ പ്ലാന്റിന് മുന്നിൽ രാപ്പകൽ സമരം നടത്തിയിട്ടുണ്ട്.

മങ്കാട്ടുകടവ് കുടിവെള്ള പദ്ധതി

പഞ്ചായത്തിലെ മങ്കാട്ടുകടവിലാണ് ആദ്യം കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. ഇവിടെനിന്നും വിളവൂർക്കൽ പഞ്ചായത്തിലെ കുറച്ച് ഭാഗത്ത് മാത്രമാണ് കുടിവെള്ളം കിട്ടിയത്. നിലവിൽ ഇപ്പോഴും ചില ഭാഗങ്ങളിൽ വെള്ളം നൽകാറുണ്ട്. എന്നാൽ കൃത്യമായി ജനങ്ങൾക്ക് വെള്ളം എത്താറില്ല. വെള്ളം കിട്ടാതായതോടെ നിരവധി പരാതികളും പ്രതിഷേധങ്ങളും ഉയർന്നു. തുടർന്നാണ് വിളവൂർക്കൽ, പള്ളിച്ചൽ പഞ്ചായത്തുകൾക്ക് കുടിവെള്ളം നൽകാൻ ചൂഴാറ്റുകോട്ടയിൽ പ്ലാന്റ് സ്ഥാപിച്ചത്. നിലവിൽ പള്ളിച്ചൽ പഞ്ചായത്തിൽ വെള്ളം കിട്ടുമെങ്കിലും വിളവൂർക്കൽ പഞ്ചായത്തിന്റെ അവസ്ഥ പഴയതുതന്നെ. വെള്ളത്തിനായി കാത്തിരിക്കണം.

 ഓരോ സമരം രൂപപ്പെടുമ്പോഴും വെള്ളക്ഷാമം പരിഹരിക്കാമെന്ന വാട്ടർ അതോറിട്ടി അധികൃതരുടെ ഉറപ്പെത്തും. പക്ഷെ വെള്ളം കിട്ടാറില്ല

 ചൂഴാറ്റുകോട്ടയിൽ സ്ഥാപിച്ച കുടിവെള്ള പ്ലാന്റിൽ നിന്നും പ്രയോജനം ലഭിക്കുന്നത് പള്ളിച്ചൽ പഞ്ചായത്തിന് മാത്രമാണെന്നാണ് വിളവൂർക്കലുകാരുടെ ആക്ഷേപം

 വിളവൂർക്കൽ പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്

ചൂഴാറ്റുകോട്ട പ്ലാന്റ്

വിളവൂർക്കൽ,പള്ളിച്ചൽ പഞ്ചായത്ത് പ്രദേശത്തുള്ളവർക്ക് കുടിവെള്ളം നൽകുന്നതിനായി 5 വർഷം മുൻപാണ് ചൂഴാറ്റുകോട്ടയിൽ പ്ലാന്റ് സ്ഥാപിച്ചത്. ഇവിടെ പമ്പിംഗ് നടത്തുന്നതിനായി രണ്ട് കൂറ്റൻ യന്ത്രങ്ങളുമുണ്ട്. എന്നാൽ ഈ യന്ത്രങ്ങളാകട്ടെ തകരാറിലും. രണ്ട് മോട്ടോറിന്റെയും തകരാർ ഒരുമിച്ച് പരിഹരിക്കാറില്ല. ഒരെണ്ണം ശരിയാക്കി പമ്പിംഗ് നടത്തും. അടുത്ത ദിവസം തന്നെ അത് തകരാറാകും. വീണ്ടും കുടിവെള്ളം ആഴ്ചകളോളം മുടങ്ങും.

ചൂഴാറ്റുകോട്ടയിൽ പ്ലാന്റ് സ്ഥാപിച്ചിട്ട്..... 5വർഷം

 ഒരു ടാങ്കർ ലോറി (10000 ലിറ്റർ) വെള്ളത്തിന് ..........300 രൂപ

ഒരു ദിവസം വിൽക്കുന്ന കുടിവെള്ളം ..... 12 ലക്ഷം ലിറ്റർ

കുടിവെള്ളക്ഷാമം ഇവിടെ

വേങ്കൂർ, വട്ടവിള, മലയം


പ്രതികരണം :

വിളവൂർക്കൽ പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകുമ്പോൾ ചൂഴാറ്റുകോട്ട പ്ലാന്റ് സന്ദർശിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരമുണ്ടാക്കും. യന്ത്രത്തകരാർ സംബന്ധിച്ച് വാട്ടർ അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടും.

ഐ.ബി. സതീഷ് എം.എൽ.എ.


(ഫോട്ടോ അടിക്കുറിപ്പ്.....ചൂഴാറ്റുകോട്ട പമ്പ് ഹൗസിന് മുന്നിൽ കുടിവെള്ളം ശേഖരിക്കുന്നതിനായി കാത്തുകിടക്കുന്ന ടാങ്കർ ലോറികൾ)