prasanth-kishore

ഡൽഹിയിൽ ആപ്പ് ഹാട്രിക്ക് അടിച്ചതോടു കൂടി സ്‌റ്റാറായിരിക്കുകയാണ് പ്രശാന്ത് കിഷോർ. തന്റെ വിജയ ഗാഥയിലെ ഒരു പൊൻ തൂവൽ കൂടി കൂട്ടിച്ചേർത്ത പ്രശാന്ത് ഇപ്പോൾ ചിരിക്കുകയാണ്. കേജ്‌രിവാളിന്റെ വിജയത്തിൽ മാത്രമല്ല ആ ചിരി. ബി.ജെ.പിയുടെ തോൽവിയും പ്രശാന്തിന് ഇരട്ടിമധുരമാണ്. 2014ൽ ഇന്ത്യയിൽ ആഞ്ഞടിച്ച മോദി തരംഗത്തിന് പിന്നിലെ അമരക്കാരനായ പ്രശാന്ത് കിഷോർ എന്ന ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് ഇത്തവണ ബി.ജെ.പിയ്ക്കെതിരെ പടയൊരുക്കം നടത്താൻ ആപിനൊപ്പം ചേരുകയായിരുന്നു. പ്രശാന്തും അദ്ദേഹത്തിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയും ( ഐ പാക്ക് ) ബി.ജെ.പിയെ പിടിച്ചു കെട്ടാനുള്ള ഉഗ്രൻ തന്ത്രങ്ങളാണ് കേജ്‌രിവാളിനും കൂട്ടർക്കും വേണ്ടി മെനഞ്ഞെടുത്തത്.

 പോസ്റ്ററുകളിൽ വരെ പ്രശാന്ത് ടച്ച്

ബി.ജെ.പിയ്ക്ക് വേണ്ടി ഒരിക്കൽ താൻ തയാറാക്കിയ പരിപാടികൾക്കെല്ലാം ബദലായിട്ടാണ് ഇത്തവണ ഡൽഹിയിൽ പ്രശാന്ത് പ്രചാരണ പരിപപാടികൾ ആസൂത്രണം ചെയ്‌തത്. കേജ്‌രിവാളിന്റെ ' ടൗൺ ഹാൾ ' സംവാദ പരിപാടി മുതൽ ഹനുമാൻ ചാലീസ മന്ത്രം വരെ പ്രശാന്തിന്റെ ഐഡിയ ആണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ കേജ്‌രിവാൾ വിവാദ വിഷയങ്ങളോടൊന്നും അധികം പ്രതികരികരിക്കാതിരുന്നതും പ്രശാന്തിന്റെ നിർദ്ദേശപ്രകാരമാണ്. ആരെയും പിടിച്ച് നിറുത്താൻ ശേഷിയുള്ള മുദ്രാവാക്യങ്ങളാണ് പ്രശാന്തിന്റെ മറ്റൊരു പ്രത്യേകത. പാർട്ടിയെ ആഴത്തിൽ പഠിച്ച ശേഷമാണ് പ്രശാന്ത് ഓരോ കരുനീക്കങ്ങളും നടത്തുന്നത്. 2014ൽ നരേന്ദ്രമോദിയുടെ വരവ് തന്നെ ഉദാഹരണം. ചായ് പേ ചർച്ച തുടങ്ങിയ പരിപാടികളിലൂടെ പ്രശാന്തും സംഘവും മോദിയെ ജനഹൃദയങ്ങളിലേക്കെത്തിച്ചു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുതു തലമുറയെ കൈയ്യിലാക്കാനുള്ള വിദ്യയും പ്രശാന്തിന്റെ കൈവശമുണ്ടായിരുന്നു.

' അച്ഛേ ബീതേ പാഞ്ച് സാൽ, ലാഗേ രാഹോ കേജ്‌രിവാൾ ' എന്ന മുദ്രാവാക്യമായിരുന്നു ഇത്തവണ ഡൽഹി തിരഞ്ഞെടുപ്പിലെ ഹൈലൈറ്റ്. മുദ്രാവാക്യത്തിന് പിന്നിൽ ഒരു പ്രശാന്ത് സ്‌റ്റൈൽ മറഞ്ഞിരുന്നു. മുമ്പ് ആപ് വെള്ള നിറമാണ് ക്യാമ്പെയിൻ പോസ്‌റ്ററുകളുടെ പശ്ചാത്തലമായി ഉപയോഗിച്ചിരുന്നത്. എന്നാൽ പ്രശാന്ത് കിഷോർ തിരഞ്ഞെടുത്തത് കറുപ്പാണ്. തിങ്ങി നിറഞ്ഞ ഡൽഹി നഗരത്തിൽ എളുപ്പം ശ്രദ്ധനേടാനായിരുന്നു പ്രശാന്തിന്റെ ഈ നീക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിറങ്ങളുടെ സൈക്കോളജി പോലും പ്രശാന്ത് സൂഷ്‌മമായി നിരീക്ഷിച്ചിരുന്നു. 2015ൽ ബീഹാറിൽ നിതീഷ് കുമാർ - ലാലു പ്രസാദ് കൂട്ടുകെട്ടിന്റെ മഹാഗദ്ബന്ധന്റെ പോസ്‌റ്ററുകൾക്കായി കടും ചുവപ്പ് നിറമാണ് പ്രശാന്ത് തിരഞ്ഞെടുത്തത്. ബീഹാറിന്റെ ഉൾനാടൻ ഗ്രാമങ്ങളെ പ്രതിനീധീകരിക്കുന്ന ഈ നിറം ബി.ജെ.പിയുടെ കാവി നിറത്തോട് കടുംപിടിക്കുകയും ചെയ്‌തു.

 തുടക്കം മോദിയിൽ നിന്ന്

2011ൽ യു.എന്നിന്റെ പബ്ലിക് ഹെൽത്ത് എക്‌സ്‌പേർട്ടായി ജോലി ചെയ്യവെയാണ് ഗുജറാത്തിൽ വച്ച് പ്രശാന്ത് നരേന്ദ്രമോദിയെ പരിചയപ്പെടുന്നത്. തുടർന്ന് 2012 നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയ്‌ക്ക് വേണ്ടി പദ്ധതികൾ തയാറാക്കിയത് പ്രശാന്താണ്. അങ്ങനെ മൂന്നാം തവണയും മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി.

പ്രശാന്ത് രാജ്യശ്രദ്ധയാകർഷിച്ചത് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെയാണ്. അതോടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രശാന്ത് കിഷോറിനെ പോലൊരു തന്ത്രശാലിയെ വേണമെന്നായി.

അന്ന് മുതൽ പ്രശാന്തിന്റെ ഡിമാൻഡ് വളരെ വേഗത്തിലാണ് വർദ്ധിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായി മാറാൻ പ്രശാന്തിന് ഒരുപാട് നേരം വേണ്ടി വന്നില്ല.

പിന്നീട് സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവർണൻസ് എന്ന സംഘടന രൂപീകരിച്ച പ്രശാന്ത് യുവാക്കളുമായി ചേർന്ന് മോദിയെ കേന്ദ്രത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും വിജയിക്കുകയും ചെയ്‌തു.

 നേട്ടങ്ങൾ നിരവധി

ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ഇലക്ഷൻ സ്ട്രാറ്റജിസ്‌റ്റായി 43 കാരനായ പ്രശാന്ത് പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഹെവിവെയ്റ്റ് വിജയങ്ങളുടെ ശില്‌പിയാണ് പ്രശാന്ത്. 2014ലെ മോദി തരംഗം, 2015ൽ ബീഹാറിൽ മഹാഗദ്ബന്ധൻ ( ജെ.ഡി.യു - ആർ.ജെ.ഡി - കോൺഗ്രസ് സഖ്യം ), 2017ൽ പഞ്ചാബിൽ കോൺഗ്രസിന്റെ അമരീന്ദർ സിംഗ്, 2019ൽ ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ ജഗൻ മോഹൻ റെഡ്ഡി എന്നിവരുടെ വിജയങ്ങളുടെ പിന്നിൽ പ്രവർത്തിച്ച മാസ്‌റ്റർമൈൻഡ് പ്രശാന്താണ്. ജഗൻ മോഹൻ റെഡ്ഡിയ്ക്ക് വേണ്ടി പ്രശാന്ത് തയാറാക്കിയ ' പ്രജ സങ്കല്‌പ പദയാത്ര ' വമ്പൻ ഹിറ്റായിരുന്നു.

2015ലാണ് ബി.ജെ.പി വിട്ട പ്രശാന്ത് ഐപാക് രൂപീകരിച്ച് മഹാഗദ്ബന്ധന് വേണ്ടി പ്രവർത്തനം ആരംഭിച്ചത്. ബീഹാർ തിര‌ഞ്ഞെടുപ്പിൽ വിജയിച്ചതോടെ നിതീഷ് കുമാർ പ്രശാന്തിനെ തന്റെ ഉപദേഷ്‌ടാവായി നിയമിച്ചിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായും പ്രശാന്ത് സഹകരിച്ചു. എന്നാൽ പുതിയ മാറ്റങ്ങൾ പരീക്ഷിക്കാൻ തയാറാകാത്തതിനാൽ കോൺഗ്രസുമായി പ്രശാന്ത് ചേർന്നു പോകാൻ വിസമ്മതിച്ചു.

2018ലാണ് പ്രശാന്ത് ജെ.ഡിയുവിൽ ചേർന്നത്. തുടർന്ന് ജെ.ഡി.യുവിന്റെ ഉപാദ്ധ്യക്ഷ പദവി പ്രശാന്തിന് നൽകി. പ്രശാന്തിനെ ജനുവരി 29ന് ജെ.ഡി.യുവിൽ നിന്നും പുറത്താക്കിയിരുന്നു. പൗരത്വ ഭേദഗതിയ്ക്ക് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുകൂല നിലപാടെടുത്തപ്പോൾ പ്രശാന്ത് അതിനെതിരരായിരുന്നു. തുടർന്നാണ് ജെ.ഡി.യുവിൽ നിന്നും പ്രശാന്തിനെ പുറത്താക്കിയത്. ജെ.ഡി.യു വീണ്ടും ബി.ജെ.പിയുമായി കൈകോർക്കാൻ തീരുമാനിച്ചതിലും പ്രശാന്തിന് അതൃപ്‌തിയുണ്ടായിരുന്നു.

 ഇനി ബീഹാറിലേക്കാണ് പ്രശാന്തിന്റെ അങ്കപ്പുറപ്പാടെന്നാണ് കേൾക്കുന്നത്. തന്നെ പുറത്താക്കിയ ജെ.ഡി.യുവിനെയും നിതീഷ്‌കുമാറിനെയും പാഠം പഠിപ്പിക്കാനാണത്രെ പ്രശാന്ത് ഒരുങ്ങുന്നത്. അടുത്ത വർഷമാണ് ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കുക. ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും കോൺഗ്രസുമാണ് നിതീഷ്‌കുമാർ സർക്കാരിന്റെ എതിരാളികൾ. ബി.ജെ.പിയും ജെ.‌ഡി.യുവും സഖ്യമായാകും മത്സരിക്കുക. വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയ്‌ക്ക് വേണ്ടിയും ബംഗാൾ തിരഞ്ഞെടുപ്പിൽ ത്രിണമൂലിന് വേണ്ടിയും പ്രശാന്ത് തന്ത്രങ്ങൾ ആവിഷ്‌കരിക്കും.