ബാലരാമപുരം: ഹൃദയാഘാതത്താൽ കുവൈറ്റിൽ മരിച്ച പാതിരിയോട് കുളത്തിൻകര വിജുഭവനിൽ വിശ്വംഭരൻ- വിമല ദമ്പതികളുടെ മകൻ വിജു(43)വിന് ജന്മനാടിന്റെ യാത്രാമൊഴി. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് വസതിയിലെത്തിച്ച് ഒന്നരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങിൽ ഒട്ടേറെപ്പേർ പങ്കെടുത്തു .
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പത്തു വർഷത്തോളമാണ് വിജു ഗൾഫിൽ പണിയെടുത്തത്. അതിനുമുൻപ് അഞ്ച് വർഷത്തോളം കെ.എസ്.ആർ.ടി വിഴിഞ്ഞം ഡിപ്പോയിൽ സെക്യൂരിറ്റി തുക നൽകി ഡ്രൈവർജോലി ചെയ്തു. വി.എസ് ശിവകുമാർ മന്ത്രിയായിരിക്കെ, ഡ്രൈവർ തസ്തികയിൽ കുറേപേർക്ക് സ്ഥിരനിയമനം നൽകിയിരുന്നു. ലീവ് അനുവദിക്കാത്തതിനാൽ വിജുവിന് അന്ന് നാട്ടിലെത്തിച്ചേരാൻ സാധിച്ചില്ല. സാമ്പത്തിക ദൈന്യത വിജുവിനെ വല്ലാതെവേട്ടയാടി. കുവൈറ്റിലെ ജോലികൊണ്ട് കര കയറാനുള്ള ആഗ്രഹം ബാക്കിവച്ചാണ് വിജു നാടിനോട് വിടപറഞ്ഞത്. മൃതദേഹം വീട്ടിലെത്തിച്ചതോടെ ഭാര്യ സുഗന്ധിക്കും മകൾ കാവ്യയ്ക്കും ദു;ഖം താങ്ങാനായില്ല. വേർപാട് കൂട്ടുകാർക്കും നൊമ്പരമായി. ബാലരാമപുരം ,വിഴിഞ്ഞം ടെമ്പോ –ടാക്സി സ്റ്റാൻഡിലും വിജു ഡ്രൈവറായി ഉപജീവനം നടത്തിയിരുന്നു . എം.വിൻസെന്റ് എം.എൽ.എ, ബി.ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു. തെക്കേക്കുളം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബാലരാമപുരം സതീഷ്, വാർഡ് മെമ്പർ എസ്.രാജേഷ്, ബി.ജെ.പി ബൂത്ത് പ്രവർത്തകർ,റസിഡൻസ് ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് നടക്കും.