തിരുവനന്തപുരം: രാജ്യത്ത് സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ അനുമതി തേടി രണ്ട് ഡസൻ കമ്പനികൾ കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ സമീപിച്ചതായി വിവരം. ടാറ്റ റിയാലിറ്റി, അദാനി ഗ്രൂപ്പ്, ഹ്യൂണ്ടായ് റോട്ടം എന്നിവയ്ക്ക് പുറമേ ബോംറൈഡർ, സിമെൻസ്, ഹിറ്റാച്ചി, എസ്സെൽ തുടങ്ങിയവയും സന്നദ്ധത അറിയിച്ച് രംഗത്തുണ്ട്. ഇവയിൽ ചിലതിന് ഉടൻ അനുമതി ലഭിക്കുമെന്ന വിവരമുണ്ട്.
ലക്‌നൗ മുതൽ ന്യൂഡൽഹി വരെയാണ് നിലവിൽ സ്വകാര്യ ട്രെയിൻ സർവീസുള്ളത്. അത് നടത്തുന്നതാകട്ടെ തേജസ് എക്സ് പ്രസാണ്. ഐ.ആർ.സി.ടി.സിക്കാണ് ഈ ട്രെയിനിന്റെ മേൽനോട്ട ചുമതല. രാജ്യത്തെ 100 റൂട്ടുകളിൽ 150 സ്വകാര്യ ട്രെയിനുകൾ ഓടിക്കുവാനുള്ള നിർദ്ദേശം റെയിൽവേ അധികൃതർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു.
ലക്‌നൗ- ന്യൂഡൽഹി റൂട്ടിൽ ഓടി തുടങ്ങിയ ട്രെയിനിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കൂടുതൽ സൗകര്യങ്ങളുള്ള ഈ ട്രെയിനുകൾ നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിമാനത്തിന് സമാനമായ സജ്ജീകരണങ്ങൾ ഒരുക്കിയ ട്രെയിനിൽ ഭക്ഷണവും സഹായത്തിന് അറ്റൻഡർമാരുമുണ്ട്.
പരിഗണനയിലുള്ള പ്രധാന റൂട്ടുകൾ
മുംബയ് - ന്യൂഡൽഹി ,ചെന്നൈ- ന്യൂഡൽഹി, ന്യൂഡൽഹി-ഹൗറ, ഷാലിമാർ- പൂനെ, ന്യൂഡൽഹി- പാട്ന എന്നിവയാണ് സ്വകാര്യ ട്രെയിനുകൾ ഉടൻ സർവീസ് ആരംഭിക്കുന്ന റൂട്ടുകൾ. ഈ മാസം 20 മുതൽ മൂന്നാമത്തെ സ്വകാര്യ ട്രെയിൻ ഓടിത്തുടങ്ങും. ഇൻഡോറിനും വരാണസിക്കുമിടയിൽ സർവീസ് നടത്തുന്ന ട്രെയിനിന് കാശി മഹാകാൽ എക്സ് പ്രസ് എന്നാണ് പേര് നൽകിയിരിക്കുന്നത്.
കേരളത്തിലും സ്വകാര്യ ട്രെയിൻ
തിരുവനന്തപുരത്തു നിന്നും ഗുവാഹത്തി റൂട്ടിൽ സ്വകാര്യ ട്രെയിൻ ഓടിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. തിരുവനന്തപുരം-മുംബയ്, തിരുവനന്തപുരം- ചെന്നൈ റൂട്ടുകളും പരിഗണനയിൽ ഉണ്ടെങ്കിലും വിശദമായ പഠനങ്ങൾക്കുശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവൂ. പൂർണമായും എയർ കണ്ടീഷൻ ചെയ്ത തേജസ് എക്സ് പ്രസ് മാതൃകയിൽ ട്രെയിൻ ഓടിക്കാനാണ് റെയിൽവേ തയ്യാറെടുക്കുന്നത്.