അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്ന ചില നിയന്ത്രണങ്ങൾ എയ്ഡഡ് സ്കൂൾ മാനേജുമെന്റുകളെ പ്രകോപിപ്പിച്ചത് സ്വാഭാവികമാണ്. സർക്കാരുമായി ഒരു ഏറ്റുമുട്ടലിനുള്ള അന്തരീക്ഷവും രൂപപ്പെട്ടുവരികയായിരുന്നു. ഭാഗ്യവശാൽ തത്കാലം അത്തരമൊരു ഏറ്റുമുട്ടൽ ഒഴിവാക്കുന്നതാകും അഭികാമ്യമെന്ന നിലപാടിലാണ് മാനേജർമാർ. അദ്ധ്യയന വർഷം അവസാനിക്കാനിരിക്കെ സ്കൂളുകൾ സമരവേദിയാകാതിരിക്കാൻ മറ്റാരെക്കാളും ബാദ്ധ്യത മാനേജുമെന്റുകൾക്കു തന്നെയാണ്. സർക്കാർ നടപടികളിൽ എതിർപ്പുണ്ടെങ്കിൽ കൂടിയാലോചനയിലൂടെ പരിഹാരം തേടുകയാണ് ഉചിതമായ വഴി. നിയമ വഴിയും തുറന്നുതന്നെ കിടക്കുകയാണ്. തങ്ങൾക്ക് അഹിതമായ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയാൽ നീതിപീഠത്തെ സമീപിച്ച് പരിഹാരം തേടാനാവും.
കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജുമെന്റുകൾ സർക്കാരിനു അധിക സാമ്പത്തിക ഭാരം വരുത്തിവയ്ക്കുന്നു എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. വസ്തുതകൾ പരിശോധിച്ചാൽ ആക്ഷേപത്തിൽ കഴമ്പുള്ളതായും കാണാം. കുട്ടികളുടെ കണക്ക് രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പരിശോധനയിൽ കണ്ടതോടെയാണ് സർക്കാർ അന്വേഷണം തുടങ്ങിയത്. വിശദമായ അന്വേഷണത്തിൽ പൊരുത്തക്കേടുകൾ ബോദ്ധ്യമാവുകയും ചെയ്തു. ഇല്ലാത്ത കുട്ടികൾ ഉണ്ടെന്നു കാണിച്ച് അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെ സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാണു വരുത്തിവയ്ക്കുന്നത്. പുതിയ തസ്തിക സൃഷ്ടിക്കാൻ മാനേജുമെന്റുകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാർ കൂട്ടുനിന്നതിന്റെ ഫലമായിട്ടാണ് അദ്ധ്യാപകരുടെ സംഖ്യ വർദ്ധിച്ചതെന്നാണ് കണ്ടെത്തൽ. ഇതിനെത്തുടർന്ന് ഇനി മുതൽ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ പുതിയ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാവൂ എന്നാണു തീരുമാനം. പുതിയ ഡിവിഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്താൻ ആലോചന ഉണ്ട്. നിലവിൽ നിശ്ചിത സംഖ്യയിലും ഒരു കുട്ടി കൂടുതലുണ്ടെങ്കിൽ പുതിയ ഡിവിഷനും അദ്ധ്യാപക തസ്തികയുമാകാമെന്നാണ് വ്യവസ്ഥ. കുട്ടികളെ 'വാടക"ക്കെടുത്തുപോലും ഇപ്രകാരം അധിക ഡിവിഷനുകളുണ്ടാക്കി അദ്ധ്യാപകരെ നിയമിക്കുന്ന പ്രവണതയുണ്ട്. സ്കൂൾ കുട്ടികളുടെ ആധാർ രേഖകൾ പരിശോധിച്ചതിൽ ഒരുലക്ഷത്തിലേറെ പേരുടെ കാര്യത്തിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. വൻതോതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് അനുമാനം. ക്രമക്കേടുകൾ കർക്കശമായി കണ്ടുപിടിച്ച് സത്യസന്ധമായ സ്കൂൾ രജിസ്റ്ററുകൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
പുതിയ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന പുതിയ ബഡ്ജറ്റിലും ഉൾക്കൊള്ളിച്ചിരുന്നു. ഇതിനെതിരെ മാനേജുമെന്റുകൾ കടുത്ത പ്രതിഷേധവുമായി രംഗത്തു വന്നുകഴിഞ്ഞു. അങ്ങനെയെങ്കിൽ സ്കൂളുകളുടെ നടത്തിപ്പ് സർക്കാർ തന്നെ ഏറ്റെടുക്കട്ടെ എന്ന വെല്ലുവിളിക്ക് മുഖ്യമന്ത്രിയിൽ നിന്ന് ഉടനടി പ്രതികരണവുമുണ്ടായി. മാനേജുമെന്റുകൾ സർക്കാരിനെ വിരട്ടാൻ വരേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഏതായാലും പുനരാലോചനയിൽ സർക്കാരുമായി ഒരേറ്റുമുട്ടൽ വേണ്ട എന്ന നിലപാടിലാണ് മാനേജുമെന്റുകൾ. സമവായത്തിന്റെ പാത സ്വീകരിക്കാനുള്ള അവരുടെ തീരുമാനം സ്വാഗതാർഹമാണ്. അദ്ധ്യാപക നിയമന രീതിയിൽ സർക്കാർ ഏകപക്ഷീയമായി മാറ്റം വരുത്തിയാൽ നിയമത്തിന്റെ വഴി തേടാമെന്ന മാനേജുമെന്റ് നിലപാടും ഏറെ ഉചിതം തന്നെ.
സംസ്ഥാനത്തിന്റെ സാമൂഹിക - സാമ്പത്തിക - ബൗദ്ധിക രംഗങ്ങളിലെ വൻ നേട്ടങ്ങൾക്കു പിന്നിൽ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ പങ്ക് ആർക്കും കുറച്ചു കാണാനാവില്ല. സർക്കാർ മേഖലയെ അപേക്ഷിച്ച് എത്രയോ ഉയരത്തിലാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ സ്ഥാനം. അതുകൊണ്ടുതന്നെ സമവായത്തിലൂടെയല്ലാതെ വിദ്യാഭ്യാസ മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നത് വൻ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും. സർക്കാരിനും ഇത് അറിയാമെന്നതു കൊണ്ടാകാം മാനേജ്മെന്റുകളുമായി ചർച്ചയാകാം എന്ന നിലപാടിലെത്തിയത്.
എയ്ഡഡ് മേഖലയിലെ അദ്ധ്യാപക നിയമനങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം പണ്ടേ ഉയരുന്നതാണ്. ശമ്പളവും പെൻഷനും സർക്കാർ നേരിട്ടു നൽകുന്ന സ്ഥിതിക്ക് വൻ കോഴ വാങ്ങി നിയമനാധികാരം മാനേജുമെന്റിനെ ഏല്പിക്കുന്നതിലെ പൊരുത്തക്കേടാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. വാദഗതി വാസ്തവമാണെങ്കിലും അത്തരത്തിലൊരു മാറ്റം വിദ്യാഭ്യാസ മേഖലയെ അമ്പേ പിടിച്ചുകുലുക്കുമെന്നതിനാൽ സർക്കാർ ഒഴിഞ്ഞുമാറുകയാണ്. എന്നിരുന്നാലും ഇൗ ഡിജിറ്റൽ യുഗത്തിലും കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി ധാരാളം അദ്ധ്യാപക തസ്തികകൾ കൃത്രിമമായി സൃഷ്ടിച്ചെടുത്തുവെന്ന സൂചനകൾ പുറത്തുവന്ന സ്ഥിതിക്ക് അദ്ധ്യാപക നിയമനത്തിൽ ശക്തമായ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം അന്യായമാണെന്നു ആർക്കും പറയാനാകില്ല. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നതുപോലുള്ള വ്യാജ അദ്ധ്യാപക നിയമനങ്ങൾക്ക് തടയിടേണ്ടത് വളരെ ആവശ്യമാണ്. മാനേജ്മെന്റുകളെ മുഷിപ്പിക്കാതെ തന്നെ കുട്ടികളുടെ പട്ടികയിലെ കള്ളക്കളി കണ്ടെത്തുക തന്നെ വേണം.