hh

നെയ്യാറ്റിൻകര: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തീർത്ഥാടനത്തിന് കൊടിയേറി. ചൊവ്വാഴ്ച അർദ്ധരാത്രിയിൽ ആയിരക്കണക്കിന് വിശ്വാസികളെയും തീർത്ഥാടകരെയും സാക്ഷിയാക്കി ഇടവക വികാരി ഫാ.ജോയി മത്യാസ് കൊടിയേറ്റ് നിർവഹിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3 ന് കൊച്ച് പളളിയിൽ നിന്നാരംഭിച്ച തിരുസ്വരൂപ പ്രദക്ഷിണം 11.45 ഓടെ ദേവാലയത്തിലേക്ക് പ്രവേശിച്ച ശേഷമാണ് 13 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന തീർത്ഥാടന തിരുനാളിന്റെ കൊടിയേറ്റ് കർമ്മങ്ങൾക്ക് തുടക്കമായത്. ഇന്നലെ നടന്ന സമൂഹ ദിവ്യബലിക്ക് രൂപത വികാർ മോൺ. ഡി. സെൽവരാജൻ മുഖ്യ കാർമ്മികത്വം വഹിച്ചു. ബാലരാപുരം ഫൊറോന വികാരി ഫാ. ഷൈജുദാസ് വചന സന്ദേശം നൽകി. ഇന്ന് നടക്കുന്ന പ്രഭാത ദിവ്യബലിക്ക് സഹവികാരി ഫാ. പ്രദീപ് ആന്റോ മുഖ്യ കാർമ്മികത്വം വഹിക്കും. 4.30 മുതൽ സങ്കീർത്തന പാരായണം ജപമാല ലിറ്റിനി നൊവേന എന്നിവ ഉണ്ടാവും തുടർന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് രൂപത ഫിനാൻസ് ഡയറക്ടർ മോൺ. അൽഫോൺസ് ലിഗോറി മുഖ്യ കാർമ്മികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപത പ്രൊക്കുറേറ്റർ ഫാ. പയസ് ലോറൻസ് വചനം പങ്കുവയ്ക്കും. തുടർന്ന് പ്രണാമ സന്ധ്യ മന്ത്രി കടകം പളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ഐ.ബി. സതീഷ്, കെ. കുഞ്ഞിരാമൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഫാ. പ്രദീപ് ആന്റോ, വാർഡ് മെമ്പർ സുനിൽ കുമാർ, അവണാകുഴി സഹകരണ ബാങ്ക് പ്രസിഡന്റ് കെ. സോമൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ശശികുമാർ, പി.സി. വിജയകുമാർ തുടങ്ങിയവർ സംസാരിക്കും.