തിരുവനന്തപുരം: അരുവിക്കരയിലെ കുപ്പിവെള്ള പ്ലാന്റിന്റെ പ്രവർത്തനം അട്ടിമറിച്ചതിനെതിരെയും വാട്ടർ അതോറിട്ടിയെ തകർക്കുന്ന നയങ്ങൾക്കെതിരെയും കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സെക്രട്ടേറിയറ്റ് ധർണ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സ്വകാര്യ കുപ്പിവെള്ള ലോബികൾക്ക് വേണ്ടിയാണ് അരുവിക്കരയിലെ കുപ്പിവെള്ള പദ്ധതി അട്ടിമറിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, നേതാക്കളായ കെ.ആർ. കുറുപ്പ്, കെ. അനിൽകുമാർ, എം.ജെ. മാർട്ടിൻ, കെ. ഉണ്ണിക്കൃഷ്ണൻ, പി. ബിജു തുടങ്ങിയവർ സംസാരിച്ചു.