ആറ്റിങ്ങൽ: ജനവാസ കേന്ദ്രമായ കവലയൂർ ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. നിരവധി നിവേദനങ്ങൾ നൽകിയിട്ടും അധികൃതർ പ്രതികരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ആറ്റിങ്ങലിൽ നിന്നും കല്ലമ്പലത്തു നിന്നും വർക്കലയിൽ നിന്നും ഉള്ള റോഡ് സന്ധിക്കുന്നത് മണമ്പൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനായ കവലയൂരാണ്. ആൽത്തറ മൂട് എന്നുംകൂടി അറിയപ്പെടുന്ന ഈ ജംഗ്ഷനിൽ നിരവധി പേരാണ് ബസ് കയറാൻ എത്തുന്നത്. സർക്കാർ ജീവനക്കാരും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരും തൊഴിലാളികളും വിദ്യാർത്ഥികളുമാണ് കൂടുതലായി ഇവിടെ ബസ് കാത്ത് നിൽക്കുന്നത്. ഇതിൽ ഏറിയ പങ്കും സ്ത്രീകളും വിദ്യാർത്ഥിനികളുമാണ്. കവലയൂർ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ സമീപത്തെ കടത്തിണ്ണയിലാണ് യാത്രക്കാർ അഭയം തേടുന്നത്. ഇത് വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ആൽത്തറ മൂടിലെ ഏക തണൽ ഒരു വലിയ ആൽമരം മാത്രമാണ്. ഇതിന്റെ നിഴൽ പറ്റിയാണ് യാത്രക്കാർ നിൽക്കുന്നത്. അവർക്ക് പോകേണ്ട ബസ് വരുമ്പോൾ ഇവിടെ നിന്നും ബദ്ധപ്പെട്ട് ഓടിയാണ് വാഹനത്തിൽ കയറുന്നത്.
റോഡ് വികസനത്തിന്റെ ഭാഗമായി പി.ഡബ്ലിയു.ഡി ആൽത്തറ മൂട്ടിലെ ആൽമരം മുറിക്കാൻ പദ്ധതി തയ്യാറാക്കിയത്രേ. പ്രകൃതി സ്നേഹികൾ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.വേണുന്നിടത്തും വേണ്ടാത്തിടത്തും ലക്ഷങ്ങൾ മുടക്കി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്ന ജനപ്രതിനിധികൾ കവലയൂർ ജംഗ്ഷനെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് അടിയന്തരമായി കവലയൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണം. സ്ഥലപ്പേരിന്റെ മഹിമ കാക്കുന്ന ആലിനെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം.
എസ്.താണുവൻ ആചാരി ( കവി, സാമൂഹ്യ പ്രവർത്തകൻ)