vellarada

വെള്ളറട: വേനൽ തുടങ്ങിയപ്പോൾ തന്നെ വെള്ളറടയിൽ കാട്ടുതീയും തുടങ്ങി. എന്നാൽ മലയോരമേഖലയായ വെള്ളറടയിൽ ഒരു ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് അധികൃതരുടെ മറുപടി മൗനമാണ്. വെള്ളറടയിലും പരിസര പ്രദേശങ്ങളിലും തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ഫയർ സ്റ്റേഷനുകളുടെ സഹായം തേടണം. ഇത് അടിയന്തര ഘട്ടങ്ങളിൽ അപകടങ്ങളുടെ തോത് വർദ്ധിപ്പിക്കുന്നു.

തീ കണ്ടയുടൻ ഫയർ ഫോഴ്സിനെ അറിയിച്ചാലും പാറശാലയിൽ നിന്നോ നെയ്യാറ്റിൻകരയിൽ നിന്നോ നെയ്യാർഡാമിൽ നിന്നോ ഫയർഫോഴ്സ് ടീം എത്തുമ്പോഴേക്കും സർവതും കത്തിനശിച്ചിരിക്കും.

ഫയർ സ്റ്റേഷന്റെ അഭാവം മൂലം മലയോര പ്രദേശത്ത് അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും സംഭവിക്കുമ്പോഴും അടിയന്തര സേവനം നൽകാനാകുന്നില്ല. ഇത് മുന്നിൽ കണ്ട് മലയോര ഗ്രാമങ്ങളുടെ ആസ്ഥാനമെന്ന നിലയിൽ വെള്ളറട കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ അനുവദിക്കണമെന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം അധികൃതർക്ക് വർഷങ്ങൾ മുന്നെ കൈമാറിയതാണ്.

വേനൽ കടുത്തതോടെ തീപിടിത്തം പതിവു സംഭവമായിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് വെള്ളറട ഗ്രാമപഞ്ചായത്തിന്റെ വസ്തുവിൽ തീ പടർന്നു പിടിച്ച് സമീപത്തെ സ്വകാര്യ വ്യക്തിയുടെ റബർ പുരയിടത്തിലെ മരങ്ങളും മറ്റും കത്തിനശിച്ചിരുന്നു.

കുന്നത്തുകാൽ,​ ആര്യങ്കോട്,​ അമ്പൂരി,​ ഒറ്റശേഖരമംഗലം,​ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ സേവനം ലഭിക്കും. പ്രധാന തീർത്ഥാടന കേന്ദ്രമായ കുരിശുമലയിൽ തീർത്ഥാടന വേളകളിൽ മറ്റു സ്ഥലങ്ങളിൽ നിന്നുമുള്ള ഫയർ യൂണിറ്റിന്റെ സേവനം ലഭ്യമാക്കേണ്ടി വരില്ല.