മുഖ്യമന്ത്രി പിണറായി വിജയന് സഭ്യവും ഷാനിമോൾ ഉസ്മാന് സഭ്യേതരവുമാകുന്ന തരം വിശാലമാനങ്ങളുമായി സഭാരേഖയിൽ ഇടംപിടിച്ച പദമായിരിക്കുന്നു, 'കുശുമ്പ്!' സഭയ്ക്ക് ഒരു വാക്ക് പദ്ധതിപ്രകാരം 'കുശുമ്പി'നെ സഭയ്ക്ക് ആദരവോടെ കൈമാറിയത് മുഖ്യമന്ത്രി തന്നെ.
സ്ത്രീസുരക്ഷ അപകടത്തിലെന്ന വിഷയമുയർത്തി കന്നി അടിയന്തരപ്രമേയവുമായെത്തിയതായിരുന്നു ഷാനിമോൾ ഉസ്മാൻ. വനിതാകമ്മിഷനെപ്പറ്റിയുള്ള തന്റെ മതിപ്പില്ലായ്മ കലർപ്പില്ലാതെ പങ്കുവച്ച ഷാനിമോൾ ഉസ്മാനുണ്ടായത് പക്ഷേ കയ്പേറിയ അനുഭവമായിപ്പോയി!
നല്ല നിലയ്ക്ക് പ്രവർത്തിക്കുന്ന വനിതാകമ്മിഷനെതിരെ അംഗം പറഞ്ഞത് കുശുമ്പ് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഒറ്റനോട്ടത്തിൽ നിരുപദ്രവകരമായി തോന്നാം. ആ കുശുമ്പ് പ്രയോഗം അംഗത്തെ വേദനിപ്പിച്ചുവെന്ന നഗ്നസത്യം പ്രതിപക്ഷനേതാവ് സഭയുടെ ശ്രദ്ധയിൽപെടുത്തി. കുശുമ്പിനകത്ത് വല്ല കുഴിത്തുരുമ്പുമുണ്ടോയെന്ന ശങ്ക ഇതോടെ പലരിലുമുണ്ടായി. മുഖ്യമന്ത്രി പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവും രേഖയിൽ നിന്ന് നീക്കണമെന്ന് ഷാനിമോളും ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയുടെ മനസ്സലിയുമെന്ന് ധരിച്ചാൽ ധരിക്കുന്നവർക്കെന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്ത് പറയാൻ! സ്തുത്യർഹമായി പ്രവർത്തിക്കുന്ന വനിതാകമ്മിഷനെ മോശമായി കാണണമെങ്കിൽ കുശുമ്പ് മാത്രമാണ് കാരണമെന്ന് മുഖ്യമന്ത്രി തറപ്പിച്ചുപറഞ്ഞു. അത് സഭ്യേതരമല്ലെന്ന് കൂടി അദ്ദേഹം വിധിയെഴുതിയതോടെ, ഷാനിമോളിന് തൃപ്തിയായെന്ന് തോന്നുന്നു! കുശുമ്പിന് പിൻബലം കിട്ടിയതോടെ അവസരത്തിലും അനവസരത്തിലും അതെടുത്ത് പ്രയോഗിക്കാൻ ഭരണപക്ഷത്ത് നിന്ന് പലരും താത്പര്യം കാട്ടി. എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങി താൻ ജയിച്ചുവെന്ന് പി.കെ.ബഷീർ കഴിഞ്ഞദിവസം പറഞ്ഞത് കൊല്ലം കോർപ്പറേഷനിൽ ലീഗ് വട്ടപ്പൂജ്യമായതിലെ കുശുമ്പ് കൊണ്ടാണെന്ന് എം.നൗഷാദ് പറഞ്ഞു. ഈ സർക്കാർ ചെയ്തതിനെയെല്ലാം പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത് കുശുമ്പ് കൊണ്ടാണെന്നാണ് കെ.ബാബുവിന്റെ വാദം.
വീട്ടിൽ കയറിയ രാജവെമ്പാലയെ അടിച്ചുകൊന്നയാൾക്ക് മൂന്ന് മാസം വീട്ടിൽ കയറാനാവാതെ ഒളിച്ചുനടക്കേണ്ടി വന്ന കഥ പി.ജെ.ജോസഫ് പറഞ്ഞത് വന്യജീവിശല്യത്തെപ്പറ്റി പറയാനാണ്. വന്യജീവികളെ കൈകാര്യം ചെയ്യാനൊരുക്കിയ ഏർപ്പാടുകളെല്ലാം പതിവ്പോലെ മന്ത്രി രാജു വിവരിച്ചു. രാജവെമ്പാലയെ കൊല്ലരുതെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും നൽകി. പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശമുണ്ട്, മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല എന്ന പാട്ടുപാടി ജോസഫ് സ്വയം ആശ്വസിച്ചപ്പോൾ ആ പാട്ട് പാടേണ്ടെന്നും രണ്ട് ലക്ഷം പേർക്ക് സർക്കാർ വീട് കൊടുക്കുകയാണെന്നുമുള്ള ഉപദേശമായിരുന്നു മന്ത്രി രാജുവക. പാട്ട് നിറുത്തിയെന്ന് ജോസഫ് പറഞ്ഞശേഷവും ജനഹൃദയങ്ങളിലുള്ള ആ പാട്ടിന് സഭയുടെ സംരക്ഷണം മന്ത്രി ജി. സുധാകരൻ തേടിയത് ജോസഫിനെ ഞെട്ടിച്ചിരിക്കണം.
ബഡ്ജറ്റവതരണദിവസം മന്ത്രി കടകംപള്ളി ഇറങ്ങി ഭരണകക്ഷിയംഗങ്ങളെ കൈയടിപ്പിച്ചുകൊണ്ടിരുന്നപ്പോൾ തിരുവനന്തപുരംനഗരത്തെ ധനമന്ത്രി ചവിട്ടിയരയ്ക്കുന്നതാണ് എം.വിൻസന്റ് കണ്ടത്. കിഫ്ബി ഫണ്ടിൽ നിന്ന് ഏറ്റവുമധികം പണം കൊടുത്തത് വിൻസന്റിനും ശബരീനാഥനുമാണെന്ന് സി.കെ. ഹരീന്ദ്രൻ മറുവാദമുയർത്തി. മറുപടിപ്രസംഗത്തിൽ ധനമന്ത്രി തിരുവനന്തപുരത്തിനായി ഒരു നാലായിരംകോടി നീട്ടിയെറിഞ്ഞു. പറഞ്ഞത് രണ്ട് കൊല്ലം മുമ്പത്തെ പദ്ധതികളല്ലേയെന്ന് പ്രതിപക്ഷത്ത് നിന്ന് ചോദ്യങ്ങളുണ്ടായെങ്കിലും എപ്പോൾ പ്രഖ്യാപിച്ചതായാലും നടക്കുന്ന പദ്ധതികളാണ് ബഡ്ജറ്റിലെന്ന സൂത്രവാക്യത്താൽ ഐസക് അതിനെ മറികടക്കാൻ നോക്കി.