വെഞ്ഞാറമൂട്. ഒരു വീട്ടിൽ നിന്ന് മൂന്ന് മൂർഖൻ പാമ്പുകളെ വാവ സുരേഷ് പിടികൂടി. ആലുന്തറ രംഗപ്രഭാതിനു സമീപം അഷ്ടമിയിൽ അനിൽ കുമാറിന്റെ വീട്ടിൽ നിന്നാണ് രണ്ട് ആൺപാമ്പുകളെയും ഒരു പെൺ പാമ്പിനെയും വാവ പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് വീടിന്റെ പിറക് വശത്ത് പാമ്പിന്റെ ചീറ്റൽ കേട്ടിരുന്നു. സംശയം തോന്നി അനിൽകുമാറിന്റെ ഭാര്യ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ രണ്ടു പാമ്പുകൾ സമീപത്തെ മതിലിന്റെ അടിയിലേക്ക് ഇഴഞ്ഞ് നീങ്ങുന്നത് കണ്ടു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും പാമ്പുകളെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് വാവ സുരേഷ് എത്തി മതിലിന്റെ അടിവശം പൊളിച്ച് നടത്തിയ തെരച്ചിലിൽ അഞ്ചടിയോളം നീളം വരുന്ന മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടുകയായിരുന്നു.