കിളിമാനൂർ: വേനൽ കനത്തതോടെ തീപിടിത്തവും വ്യാപകമായി.എന്നാൽ കിളിമാനൂരിൽ ഒരു ഫയർ സ്റ്റേഷനില്ലാത്തത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
വേനൽക്കാലമായതോടെ പ്രദേശത്ത് നിരവധി സ്ഥലങ്ങളിൽ തീപിടിത്തം വ്യാപകമാണ്. ഈ അവസ്ഥയിലാണ് ഫയർ യൂണിറ്റ് വേണമെന്ന ആവശ്യം തീവ്രമായത്. തിരക്കേറിയതും വ്യാപാര സമുച്ചയങ്ങളും, സ്കൂളുകളും ഓഫീസ് കെട്ടിടങ്ങളും നിറഞ്ഞ കിളിമാനൂർ മേഖലയിൽ തീപിടിത്തം ഉണ്ടാകുമ്പോൾ പലപ്പോഴും ഫയർഫോഴ്സിന്റെ സേവനം വളരെ വൈകിയാണെത്തുന്നത്.
നിലവിൽ തീപിടിത്തം, റോഡപകടങ്ങൾ, വൈദ്യുതി അപകടങ്ങൾ, കിണറ്റിലും പുഴയിലും വീഴൽ തുടങ്ങിയവ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന് ആറ്റിങ്ങൽ, കീഴായിക്കോണം, കടയ്ക്കൽ ഭാഗങ്ങളിൽ നിന്നാണ് അഗ്നിശമന സേന എത്തുന്നത്. ദൂരക്കൂടുതലും, ഗതാഗതക്കുരുക്കും കടന്ന് മണിക്കൂറുകൾ കഴിഞ്ഞെത്തുന്ന ഇവർക്ക് പലപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാറില്ലായെന്നതാണ് വാസ്തവം.
വർഷങ്ങളായുള്ള ആവശ്യമാണ് കിളിമാനൂരിൽ ഒരു അഗ്നിശമന സേന യൂണിറ്റ് എന്നത്. സമീപ കാലത്ത് കീഴായി കോണത്ത് ഒരു യൂണിറ്റ് അനുവദിച്ചപ്പോഴും കിളിമാനൂരിനെ അവഗണിക്കുകയാണുണ്ടായത്. പ്രദേശത്ത് അടുത്തായി ഉള്ള കീഴായികോണത്തെ യൂണിറ്റും ജീവനക്കാരുടെ കുറവ് കൊണ്ട് വീർപ്പുമുട്ടുകയാണന്ന് ജീവനക്കാർ തന്നെ പറയുന്നു.ഇക്കാരണത്താൽ തന്നെ ഇവർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. തിരക്കേറിയ സംസ്ഥാന പാതയിൽ കൂടി ഉൾഗ്രാമങ്ങളിൽ എത്തിച്ചേരാനും സമയം എടുക്കുന്നു. ഒരു മിനിറ്റിൽ ഒരു കിലോമീറ്റർ ദൈർഘ്യം പിന്നിട്ട് സേവനം നൽകണമെന്ന വ്യവസ്ഥ പാലിക്കാൻ ഇവർക്കു പലപ്പോഴും കഴിയുന്നില്ല.
ഫയർ യൂണിറ്റ് സ്ഥാപിച്ചാൽ
സേവനം ലഭിക്കുന്ന മേഖലകൾ
നഗരൂർ
വെള്ളല്ലൂർ
കല്ലമ്പലം
പോങ്ങനാട്
മടവൂർ
തട്ടത്തുമല
പൊരുന്തമൺ
കാട്ടുംപുറം
കല്ലറ
കൊടുവഴന്നൂർ
ഫയർ യൂണിറ്റ് ഇല്ലാത്തതിനാൽ ദിവസേനെ റോഡപകടം നടക്കുന്ന കിളിമാനൂരിൽ അപകടങ്ങളിൽ തകരുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും കാലതാമസം ഉണ്ടാകുന്നു. ഇത് ദുരന്ത തീവ്രത വർദ്ധിപ്പിക്കുന്നതിനും ഗതാഗത തടസത്തിനും കാരണമാകുന്നു. കൈ വിരളിൽ മോതിരം കുടുങ്ങിയത് നീക്കം ചെയ്യാൻ പോലും അഗ്നി ശമന സേനയെ ആശ്രയിക്കുന്ന ഈ കാലത്ത് നിരവധി പാറ ക്വാറികൾ പ്രവർത്തിക്കുന്ന ഇവിടെ ഒരു ഫയർ യൂണിറ്റ് സ്ഥാപിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഫയർ യൂണിറ്റ് സ്ഥാപിക്കണം എന്ന ആവശ്യം മുൻപ് പലവട്ടം ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഉണ്ട്. ഇനിയും ശ്രദ്ധയിൽപ്പെടുത്തും ( ബി.സത്യൻ എം.എൽ.എ.)