തിരുവനന്തപുരം: മാവോവാദി ലഘുലേഖ കൈവശം വച്ചതിന്റെ പേരിൽ യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ച അലനെയും താഹയേയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സാംസ്‌കാരിക പ്രതിരോധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധിക്കാരിയായ മുഖ്യമന്ത്രി അലന്റെയും താഹയുടെയും പേരിൽ യു.എ.പി.എ ചുമത്തിയതിനാലാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്. ഏതെങ്കിലും മാവോയിസ്റ്റ് അനുഭാവ പരിപാടികളിൽ ഇവർ പങ്കെടുത്തതായി പൊലീസ് പറയുന്നില്ല. ഇതൊരു മനുഷ്യാവകാശ പ്രശ്നമാണെന്നും ഇതേ അഭിപ്രായമാണ് കാനം രാജേന്ദ്രനും പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. അലനെയും താഹയേയും ബലി കൊടുത്തതിൽ സി.പി.എമ്മിന്റെ റോൾ എന്താണെന്നു വ്യക്തമാക്കണമെന്ന് പ്രതിരോധം ഉദ്ഘാടനം ചെയ്ത എഴുത്തുകാരൻ സക്കറിയ ആവശ്യപ്പെട്ടു. മഅദ്നിയെ ജയിലിലടച്ചത് പോലെയാണ് 19 വയസുകാരനെ അകത്തിട്ടതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ പേടിക്കുന്ന ആഭ്യന്തര മന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. യു.എ.പി.എയ്ക്ക് നാളെ ഞാനും നിങ്ങളും ഇരയായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ബി.ആർ.പി. ഭാസ്‌കർ, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ, പി.ടി.തോമസ് എം.എൽ.എ, ബി. രാജീവൻ, ഡോ.ജെ. ദേവിക, കെ. അജിത, ഡോ.പി.ഗീത, സാവിത്രി രാജീവൻ, റോസ് മേരി, ആർ.അജയൻ, സി.ആർ. നീലകണ്ഠൻ, ജോസഫ് സി മാത്യു, രാജീവ് രവി, ഡോ. കെ.എൻ അജോയ് കുമാർ, എൻ.പി ചെക്കുട്ടി, ആഷിഖ് അബു, ബി.അജിത് കുമാർ, ഡോ.ആസാദ് തുടങ്ങിയവർ സംസാരിച്ചു.