represent-picture

പരാതി കൂടുന്നത് ബോധവത്കരണത്തിന്റെ ഫലമെന്ന് മുഖ്യമന്ത്രി; സഭയിൽ വാക്കൗട്ട

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ കൂടുന്നുവെന്ന് കണക്കുകൾ ഉദ്ധരിച്ച് നിയമസഭയിൽ പ്രതിപക്ഷ ആരോപണം.നല്ല രീതിയിൽ ബോധവത്കരണം നടക്കുന്നതിനാൽ പലരും പരാതി നൽകാൻ മുന്നോട്ടുവരുന്നത് കൊണ്ടാണ് കേസുകളുടെ എണ്ണം കൂടുന്നതെന്ന് മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തെ ഷാനിമോൾ ഉസ്മാൻ നൽകിയ അടിയന്തര പ്രമേയാവതരണ നോട്ടീസിന്മേലായിരുന്നു ഈ വാദപ്രതിവാദം.

സംസ്ഥാന വനിതാ കമ്മിഷനെതിരായ ഷാനിമോൾ ഉസ്മാന്റെ പരാമർശത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയും വാക്കേറ്റത്തിന് ഇടയാക്കി. സർക്കാർ ഇരയ്ക്കും വേട്ടക്കാരനും ഒപ്പമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്തരം കേസുകളിൽ ഊർജ്ജിതമായ അന്വേഷണവും ശക്തമായ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സർക്കാർ ക്രിയാത്മക ഇടപെടൽ നടത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളിൽ സമൂഹവും ജാഗ്രത പാലിക്കണം. കുട്ടികൾക്ക് പീഡനമേൽക്കുന്നതിൽ അധികവും അടുപ്പമുള്ളവരിൽ നിന്നാണ്. ശക്തമായ ബോധവത്കരണം വഴി, ലൈംഗികാതിക്രമങ്ങൾ പുറത്ത് പറയാൻ കുട്ടികൾ തയ്യാറാവുന്നു. ഇത്തരം പരാതികളിൽ കേസെടുത്ത് അന്വേഷിക്കുന്നതിൽ പൊലീസ് ജാഗ്രതയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രജിസ്റ്റർ ചെയ്ത കേസുകളിൽ അഞ്ചു ശതമാനത്തിലേ വിചാരണ നടക്കുന്നുള്ളൂ. വാളയാർ കേസ് സി.ബി.ഐക്ക് വിടാത്തത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. വനിതാ കമ്മിഷനിൽ പരാതിയുമായി ചെന്നിട്ടും കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും, കമ്മിഷൻ അദ്ധ്യക്ഷ പാർട്ടി പരിപാടിയുടെ തിരക്കിലാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. വനിതാ കമ്മിഷനെതിരായ പരാമർശം കുശുമ്പ് കൊണ്ടാണെന്ന മുഖ്യമന്ത്രിയുടെ മറുപടി വാക്കേറ്റത്തിന് വഴിവച്ചു. വി.ടി. ബൽറാം ക്രമപ്രശ്നം ഉന്നയിക്കുകയും, സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും 'കുശുമ്പ്' സഭ്യേതരമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാളയാർ കേസിൽ വനിതാ മന്ത്രി നിശബ്ദയായെന്ന പ്രതിപക്ഷ ആരോപണത്തിന് മന്ത്രി കെ.കെ. ശൈലജ സബ്മിഷൻ സമയത്ത് മറുപടി നൽകിയതും ബഹളത്തിനിടയാക്കി.