കഴക്കൂട്ടം: ലോറി വാടകയെച്ചൊല്ലി കരാറുകാരും ലോറിത്തൊഴിലാളികളുമായുള്ള തർക്കം തീർന്നതോടെ കഴക്കൂട്ടം എഫ്.സി.ഐ ഡിപ്പോയിൽ നിന്ന് ഒന്നരമാസമായി മുടങ്ങിയ സ്‌കൂൾ ഉച്ചഭക്ഷണ ഭക്ഷ്യധാന്യ വിതരണം ഇന്നലെ മുതൽ പുനരാംരംഭിച്ചു. നേരത്തെ സപ്ളൈകോ നേരിട്ട് വിതരണം ചെയ്‌തിരുന്നപ്പോൾ വാടകയിൽ 15 ശതമാനം വർദ്ധനവ് ഏർപ്പെടുത്തിയിരുന്നെന്നും നിലവിൽ വിതരണ ചുമതല കരാറുകാർ ഏറ്റെടുത്തതോടെ 10 ശതമാനം വർദ്ധന മാത്രമേ കരാറുകാർ നൽകുന്നുള്ളുവെന്നുമായിരുന്നു ലോറിക്കാരുടെ പരാതി. 15% വർദ്ധന വേണമെന്ന ആവശ്യം അംഗീകരിക്കാൻ കരാറുകാർ തയ്യാറാകാത്തതിനെ തുടർന്നാണ് സമരം തുടങ്ങിയത്. കരാറുകാർക്ക് ഇഷ്ടമുള്ളവരെ കൊണ്ട് വിതരണം നടത്താൻ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തൊഴിലാളികൾ രംഗത്തുവന്നു. തുടർന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ കരാറുകാരും സപ്ലൈകോ തിരുവനന്തപുരം റീജണൽ മാനേജർ പ്രദീപ് കുമാറുമായി നടത്തിയ ചർച്ചയിൽ 12 ശതമാനം വർദ്ധനവ് കരാറുകാർ അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്.