സായുധ ബറ്റാലിയനിൽ നിന്ന് തോക്കുകളും തിരകളും കടത്തി
തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്, പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും വ്യാജവെടിയുണ്ടകൾ തിരികെ വച്ചെന്നും പർച്ചേസിൽ ഉൾപ്പെടെ ഭീമമായ ക്രമക്കേടുകൾ നടന്നെന്നും സി. എ. ജി റിപ്പോർട്ട് ചെയ്‌തു.
മാരക പ്രഹര ശേഷിയുള്ള 25 ഇൻസാസ് റൈഫിളുകളും 12,061തിരകളും എ.കെ - 47 തോക്കിന്റെ തിരകളും ഉൾപ്പെടെ തിരുവനന്തപുരത്തെ സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നാണ് കാണാതായത്. വെടിയുണ്ടകൾ കടത്തിയവർ വ്യാജ വെടിയുണ്ടകൾ തിരികെ വച്ചു. പർച്ചേസിൽ ചട്ടങ്ങൾ പാലിക്കാത്തതും ടെൻഡർ വിളിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ റിപ്പോർട്ടിലുണ്ട്. ഡി.ജി.പി അറിഞ്ഞുകൊണ്ടു കേന്ദ്ര മാർഗനിർദേശങ്ങൾ ലംഘിച്ചു. ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ കേന്ദ്രം നൽകിയ 4.35കോടി വകമാറ്റി പൊലീസ് മേധാവിക്ക് ഒരു വില്ലയും ക്യാമ്പ് ഹൗസും മുതിർന്ന ഉദ്യോഗസ്ഥർക്കായി നാല് വില്ലകളും നിർമ്മിച്ചു.
സി. എ. ജിയുടെ മറ്റ് കണ്ടെത്തലുകൾ
ആയുധശേഖരത്തിലെ കുറവ് ഉന്നതർക്ക് അറിയാമായിരുന്നെങ്കിലും മൂടിവയ്ക്കാനും കൃത്രിമം കാട്ടാനും ശ്രമിച്ചു.
250 കൃത്രിമ 9എം. എം. കാർട്രിഡ്‌ജുകളാണ് കൊണ്ടുവച്ചത്.
തിരുവനന്തപുരം എ.ആർ ക്യാമ്പിന് 25റൈഫിളുകൾ നൽകിയതിന്റെ രേഖയില്ല.
ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആഴ്ചയിലൊരിക്കലെങ്കിലും ഇവ പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തണം.
പൊലീസ് കമൻഡാന്റും ആറു മാസത്തിലൊരിക്കൽ ആയുധങ്ങളുടെ എണ്ണം പരിശോധിക്കണം. ഇതൊന്നും പാലിച്ചില്ല.
ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് രജിസ്റ്റർ കൃത്യമല്ല.
സ്റ്റോക്ക് രജിസ്റ്ററിൽ വെള്ള മഷി ഉപയോഗിച്ച് നിരവധി തിരുത്തലുകളുണ്ട്.
എൻട്രികൾ വെട്ടിയിട്ടുണ്ട്.
അന്വേഷണത്തിന് സമിതിയെ നിയോഗിച്ചെങ്കിലും അലംഭാവം കാട്ടി.
കാണാതായത്
25 ഇൻസാസ് 5.56എം.എം റൈഫിളുകൾ
ഇൻസാസിന്റെ 12,061 വെടിയുണ്ട
എ.കെ - 47 തോക്കിന്റെ 1578 വെടിയുണ്ട
സെൽഫ് ലോഡിംഗ് റൈഫിളിന്റെ 8398 വെടിയുണ്ട
9എം.എം വെടിയുണ്ട 250എണ്ണം
ഇൻസാസ് റൈഫിൾ
ഓഡിനൻസ് ഫാക്ടറീസ് ബോർഡ് വികസിപ്പിച്ചത്. ഇന്ത്യൻ സ്‌മോൾ ആംസ് സിസ്റ്റം എന്നാണ് ഇൻസാസിന്റെ പൂർണരൂപം. 1998 മുതൽ സൈന്യവും പൊലീസും ഉപയോഗിക്കുന്നു. ആദ്യ യുദ്ധം കാർഗിൽ. നിലവിൽ നാലു ലക്ഷത്തോളം ഇൻസാസ് റൈഫിളുകളുണ്ട്. എ.കെ-47, സെൽഫ് ലോഡിംഗ് റൈഫിൾ എന്നിവയോട് സാമ്യം. മിനിറ്റിൽ 150 റൗണ്ട് വരെ വെടി വയ്‌ക്കാം. ഭാരക്കുറവ്, ഉപയോഗിക്കാൻ സൗകര്യം. വെടിയുതിർക്കുമ്പോൾ പിന്നോട്ടുള്ള തള്ളൽ 70ശതമാനം കുറവ്. ഭാരം - 3.6കിലോഗ്രാം. നേപ്പാൾ, ഭൂട്ടാൻ, ഒമാൻ രാജ്യങ്ങളും ഉപയോഗിക്കുന്നു.
ഭീഷണി മാവോയിസ്റ്റുകൾ
പാലക്കാട്, മലപ്പുറം ജില്ലകളിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് ഇൻസാസ് റൈഫിളുകൾ പിടിച്ചിരുന്നു. തിരകൾ മാവോയിസ്റ്റുകൾക്ക് ലഭിക്കാനുള്ള സാദ്ധ്യതയാണ് ആശങ്കയുണ്ടാക്കുന്നത്.