thomas-isac

തിരുവനന്തപുരം: മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് നടപ്പു സാമ്പത്തിക വർഷം പണം അനുവദിക്കുന്നതും ബഡ്ജറ്റിന്റെ ഭാഗമാണെന്നും തലസ്ഥാന വികസനത്തിന് ബ‌ഡ്ജറ്റിൽ ഒന്നും അനുവദിച്ചില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഡ്ജറ്റിന് പുതിയ നിർവചനം രചിക്കുകയാണെന്നും ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. മുൻകാലങ്ങളിലെ പദ്ധതികൾ ഈ വർഷം പുതിയ പദ്ധതിയായി പ്രഖ്യാപിക്കുകയാണെന്ന പ്രതിപക്ഷ വിമർശനത്തിന് നിയമസഭയിലെ ബ‌ഡ്ജറ്റ് ചർച്ചയിൽ മറുപടി പറയുകയായിരുന്നു ധനമന്ത്രി. ബ‌ഡ്ജറ്റിലേക്ക് 61.48 കോടി രൂപയുടെ അധിക പദ്ധതികൾ പ്രഖ്യാപിച്ചു. ഇതോടെ അടുത്ത വർഷത്തെ റവന്യൂ ചെലവ് 1,29,837.37 കോടി രൂപയായും റവന്യൂ കമ്മി 15,​201.47 കോടി രൂപയായും മാറും.

തലസ്ഥാനത്തെ അവഗണിച്ചുവെന്ന പ്രതിപക്ഷത്തിന്റെ വിമർശനം അടിസ്ഥാനരഹിതമാണ്. തിരുവനന്തപുരം നഗരത്തിൽ 4853 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ആറു വരിപ്പാത, ഇതിന്റെ ഭാഗമായ ഗ്രോത്ത് കോറിഡോർ, അടിസ്ഥാനാവശ്യ വികസനം എന്നിവ നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചെെനയിലെ ഷെൻസെംഗ് മാതൃകയിൽ 25,000 കോടി രൂപ മുടക്കി സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ പദ്ധതി ആവിഷ്കരിക്കും. 10 വർഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതി വഴി 20,000 പേർക്ക് പ്രത്യക്ഷമായും 1.2 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ഇതിനായി പ്രത്യേക നിയമ നിർമ്മാണം നടത്തും.

 അധിക ജീവനക്കാരെ പുനർവിന്യസിക്കും

മലപ്പുറം ജില്ലയ്ക്ക് മൊത്തം 5071 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 2854 കോടി രൂപ കിഫ്ബി വഴിയും ബാക്കി സർക്കാർ പദ്ധതി വഴിയുമാണ്. പ്രതിപക്ഷ എം.എൽ.എ മാരെ അവഗണിക്കുന്നുവെന്ന ആരോപണം മന്ത്രി നിഷേധിച്ചു. എം.എൽ.എ മാരിൽ നിന്ന് നിർദ്ദേശം സ്വീകരിച്ച് നടപ്പിലാക്കിയ പദ്ധതിയിൽ ഏതെങ്കിലും മണ്ഡലത്തിൽ രണ്ട് കോടി രൂപയിൽ താഴയെ അനുവദിച്ചുള്ളൂവെങ്കിൽ അത്തരം മണ്ഡലങ്ങൾക്കായി ആയിരം കോടി രൂപ നൽകും. ഇതിനായി അടുത്ത വർഷത്തെ സപ്ളിമെന്ററി ധനാഭ്യർത്ഥനയിൽ പ്രത്യേകം നിർദ്ദേശം വയ്ക്കും. സംസ്ഥാന സർക്കാരിന്റെ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ കുറയുമ്പോൾ പദ്ധതികൾ ചെറുതാകുന്നത് സ്വാഭാവികമാണ്. വിവിധ വകുപ്പുകളിൽ അധികമായ ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യാസം നടത്തുമെന്നും മന്ത്രി പറഞ്ഞു.

 കോവളം- നീലേശ്വരം ജലപാത

പകുതി തദ്ദേശ ഭരണ സ്ഥാപനങ്ങളെയും ഓണക്കാലത്തോടെ സമ്പൂർണ ശുചിത്വ പദവിയിലെത്തിക്കും. വടകര- മാഹി, മാഹി-വളപട്ടണം, വളപട്ടണം- നിലേശ്വരം എന്നിവിടങ്ങളിലെ കനാൽ നിർമ്മാണം കൂടി പൂർത്തിയാക്കി ഈ വർഷത്തോടെ കോവളം- നീലേശ്വരം ദേശീയ ജലപാത യാഥാർത്ഥ്യമാക്കും.

ഓഖി പദ്ധതിയിൽ ഒന്നും നടന്നില്ലെന്ന പ്രതിപക്ഷ വിമർശനത്തിന്, ഓഖി പദ്ധതിയുടെയും സുനാമി പദ്ധതിയുടെയും സോഷ്യൽ ഓ‌‌‌ഡിറ്റ് ഒരുമിച്ച് നടത്താൻ തയ്യാറുണ്ടോ എന്ന മറുപടി നൽകി മന്ത്രി വെല്ലുവിളിച്ചു.