തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങളുടെ ചോദ്യങ്ങളിൽ ഇനിയും മറുപടി നൽകാനുള്ളവ അടിയന്തരമായി ലഭ്യമാക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ റൂളിംഗ് നൽകി. കുടിശികയായ ചോദ്യങ്ങൾക്കുള്ള മറുപടി ഡിലേ സ്റ്റേറ്റ്മെന്റ് സഹിതം നൽകണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ക്രമപ്രശ്നത്തിന്മേലുള്ള റൂളിംഗിൽ സ്പീക്കർ നിർദ്ദേശിച്ചു.
നിയമസഭാ ചോദ്യങ്ങൾക്ക് കൃത്യസമയത്ത് മറുപടി ലഭിക്കാത്തത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് ഉന്നയിച്ചത് വസ്തുതാപരമായ കാര്യമാണ്. മുമ്പും നിരവധി ക്രമപ്രശ്നങ്ങളുയരുകയും വ്യക്തമായ റൂളിംഗ് നൽകുകയും ചെയ്തതാണ്. ഗുണപരമായ മാറ്റങ്ങൾ പൊതുവിലുണ്ടായെങ്കിലും ചില വകുപ്പുകളുടെ പ്രവർത്തനം ആശാവഹമല്ല. കഴിഞ്ഞ സമ്മേളനത്തിലെ റൂളിംഗിനെത്തുടർന്ന് യഥാസമയം മറുപടി ലഭ്യമാക്കാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കൊപ്പം സമർപ്പിക്കേണ്ട ഡിലേ സ്റ്റേറ്റ്മെന്റുകൾക്ക് മാതൃക നിശ്ചയിച്ചിരുന്നു. ബഹുഭൂരിപക്ഷം ചോദ്യങ്ങൾക്കും ഡിലേ സ്റ്റേറ്റ്മെന്റ് സഹിതം മറുപടിയുണ്ടായിട്ടുണ്ടെങ്കിലും അവ സർക്കാർ നിഷ്കർഷിച്ച മാതൃകയിലല്ലാത്തതിനാൽ തിരിച്ചയച്ചു. സർക്കാർ നിഷ്കർഷിച്ചതിന് വിരുദ്ധമായി തയ്യാറാക്കുന്ന ഡിലേ സ്റ്റേറ്റ്മെന്റുകൾ സ്വീകരിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
ചട്ടങ്ങൾ മലയാളത്തിലാവണം
നിയമസഭ മലയാളഭാഷയിൽ പാസാക്കുന്ന മൂലനിയമത്തെ അടിസ്ഥാനമാക്കി ചട്ടങ്ങൾ പുറപ്പെടുവിക്കേണ്ടി വരുമ്പോൾ ആദ്യം മലയാളഭാഷയിൽ തന്നെയായിരിക്കണമെന്ന് എം. ഉമ്മറിന്റെ ക്രമപ്രശ്നത്തിന് സ്പീക്കർ റൂളിംഗ് നൽകി. അംഗങ്ങളുടെ ന്യായമായ ഈ അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം മേലിലുണ്ടായാൽ ബന്ധപ്പെട്ടവർക്കെതിരെ അവകാശലംഘനത്തിന് നടപടിയെടുക്കും. കെട്ടിടനിർമ്മാണച്ചട്ടങ്ങൾ സബ്ജക്ട് കമ്മിറ്റികളുടെ മുൻകൂർ പരിശോധനയില്ലാതെ പുറപ്പെടുവിച്ചതും അംഗീകരിക്കാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ബൃഹത്തായതും എല്ലാ വിഭാഗം ആളുകളെയും ബാധിക്കുന്നതുമാണ് ഈ ചട്ടങ്ങൾ. സഭയുടെ സബ്ജക്ട് കമ്മിറ്റികളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണിത്.