തിരുവനന്തപുരം: വേനൽ തുടങ്ങുന്നതിന് മുമ്പേ സംസ്ഥാനത്ത് പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ഡെയറികളിൽ നിന്നു പാൽ ശേഖരിക്കാനൊരുങ്ങുകയാണ് മിൽമ. ഇതുസംബന്ധിച്ച് തിരുവനന്തപുരം മേഖലായൂണിയൻ ഇന്ന് അടിയന്തര യോഗം ചേരും. മലബാർ, എറണാകുളം യൂണിയനുകളും പാൽ ക്ഷാമം നേരിടുന്നു.
സംസ്ഥാനത്ത് 14.5 ലക്ഷം ലിറ്റർ പാലാണ് മിൽമ പ്രതിദിനം വില്പന നടത്തുന്നത്. 12 ലക്ഷം ലിറ്റർ പാൽ സംഭരിക്കും.. ബാക്കി 2.5 ലക്ഷം ലിറ്റർ പാൽ കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ നിന്നാണ് വാങ്ങിയിരുന്നത്. കർണാടകയിലും പാൽക്ഷാമം ബാധിച്ചതോടെ ഫെബ്രുവരി മുതൽ ഒരു ലക്ഷം ലിറ്ററേ കിട്ടുന്നുള്ളൂ.
ക്ഷാമം കൂടുതൽ തിരുവനന്തപുരം മേഖലയിൽ
തിരുവനന്തപുരം മേഖലയിൽ 4.75 ലക്ഷം ലിറ്റർ പാലാണ് മിൽമയുടെ പ്രതിദിന വിൽപന. ക്ഷീരസംഘങ്ങൾ മുഖേന പ്രതിദിനം 3.3 ലക്ഷം ലിറ്റർ പാലാണ് സംഭരിച്ചിരുന്നത്. ക്ഷീര സംഘങ്ങളിൽ നിന്ന് മിൽമ നേരിട്ട് ശേഖരിക്കുന്ന പാലിൽ ഇപ്പോൾ 40,000 മുതൽ 50,000 വരെ ലിറ്ററിന്റെ കുറവുണ്ട് . മലബാർ മേഖലയിൽ നിന്നുള്ള 40,000 ത്തോളം ലിറ്റർ പാലും ലഭിക്കാതായി. കർണാടക മിൽക്ക് ഫെഡറേഷനിൽ നിന്നും ലഭിച്ചിരുന്ന പാൽ ഒരു ലക്ഷത്തിൽ നിന്ന 45, 000 ലിറ്ററായി കുറഞ്ഞു.
972 ക്ഷീരസഹകരണ സംഘത്തിൽനിന്നാണ് തിരുവനന്തപുരം മേഖലാ യൂണിയൻ പാൽ സംഭരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് തിരുവനന്തപുരം മേഖലായൂണിയനിലുള്ളത്. പാൽലഭ്യത കുറഞ്ഞതോടെ തിരുവനന്തപുരം മേഖലാ യൂണിയൻ കടും നീലക്കവർ പാലിന്റെ ഉത്പാദനം 10 മുതൽ 15 ശതമാനം വരെ കുറച്ചു..