chennithala

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്കെതിരെ സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച അഴിമതിയും ക്രമക്കേടുകളും എൻ.ഐ.എയും സി.ബി.ഐയും അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നിയമസഭയിൽ പി.ടി. തോമസ് ഉന്നയിച്ച ആരോപണങ്ങൾ സി.എ.ജി ശരി വച്ചിരിക്കുകയാണ്. എ.ആർ ക്യാമ്പിൽ നിന്ന് ഒരു മിനിറ്റിൽ 600- 650 ബുള്ളറ്റുകൾ ഫയർ ചെയ്യാൻ കഴിയുന്ന റൈഫിളുകൾ കാണാതായത് അതീവ ഗൗരവമുള്ളതാണ്. ഈ റൈഫിളുകളുപയോഗിച്ച് ഒരു മിനിറ്റിൽ ആയിരം പേരെ വരെ കൊല്ലാം. ദേശീയ സുരക്ഷയെ ബാധിക്കുന്ന സംഭവം എൻ.ഐ.എ അന്വേഷിക്കണം. ഭരണാനുമതിയില്ലാതെയുള്ള വാങ്ങലുകൾ, ഭരണാനുമതിക്ക് വിരുദ്ധമായ പർച്ചേസുകൾ, ക്രമവിരുദ്ധമായ ചെലവഴിക്കൽ, സ്റ്റോർ പർച്ചേസ് മാനുവലുകളുടെ ലംഘനം തുടങ്ങി വൻ അഴിമതിയും ക്രമക്കേടുമാണ് പുറത്ത് വരുന്നത്. ഇന്ത്യൻ പൊലീസ് സർവ്വീസിൽ രാജ്യത്തെതന്നെ ഏറ്റവും സീനിയർ ഉദ്യോഗസ്ഥനായ ബെഹ്‌റ,കേന്ദ്ര ഫണ്ട് ഉൾപ്പെടെയാണ് ക്രമവിരുദ്ധമായി ചെലവഴിച്ചിരിക്കുന്നത് കേരളത്തിലെ വിജിലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്കൊന്നും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനാവില്ല.
എസ്.ഐമാർക്കും എ.എസ്.ഐമാർക്കും ക്വാർട്ടേഴ്സ് പണിയാനനുവദിച്ച 4.35കോടി രൂപ ഡി.ജി.പി നേരിട്ടിടപെട്ട് ഡി.ജി.പിക്ക് വില്ലയും ക്യാമ്പ് ഹൗസും എ.ഡി.ജി.പിമാർക്ക് ബംഗ്ലാവുകളും പണിയാൻ വകമാറ്റി. പൊലീസ് നവീകരണ ഫണ്ടുപയോഗിച്ച് വി.ഐ.പി- വി.വി.ഐ.പി സുരക്ഷയ്ക്കായുള്ള വാഹനങ്ങൾ വാങ്ങിയതും മാർഗ്ഗരേഖകൾ കാറ്റിൽപ്പറത്തിയാണ്.
ദർഘാസ് വിളിക്കാതെ വിതരണ ഉത്തരവ് നൽകുകയും മുൻകൂറായി തുക വിട്ടുകൊടുക്കുകയും ചെയ്ത ഡി.ജി.പിയുടേത് ഗുരുതരമായ ചട്ടലംഘനവും കേന്ദ്ര വിജിലൻസ് കമ്മിഷൻ മാർഗനിർദ്ദേശങ്ങളുടെ ലംഘനവുമാണെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. ടെൻഡർ വിളിക്കാതെ മിസ്തുബഷി പജിറോ സ്‌പോർട്ടസ് എന്ന വാഹനം വാങ്ങാൻ ഡി.ജി.പി തീരുമാനിക്കുകയും സർക്കാർ അനുമതി തേടാതെ മുൻകൂറായി 33 ലക്ഷം കരാറുകാരന് നൽകുകയും ചെയ്തത് ഗുരുതരമായ അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു.