വിതുര: അകാലത്തിൽ അന്തരിച്ച തൊളിക്കോട് പരപ്പാറ മോഹനത്തിൽ റിട്ട ഗ്രേഡ് സബ് ഇൻസ്‌പെക്ടർ കെ. മോഹനൻനായർക്ക് (60) നാട് കണ്ണീരോടെ വിട നൽകി. സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ച മോഹനൻനായർ പൊതുപ്രവർത്തനത്തിൽ മുൻപന്തിയിൽ ആയിരുന്നു. തെളിയാതെ കിടന്ന അനവധി കേസുകളിലെ പ്രതികളെ മോഹനൻനായർ പിടികൂടിയിട്ടുണ്ട്. പരപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമിത്രം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ രക്ഷാധികാരിയും ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാല കർഷക സംഘം പ്രസിഡന്റ് , മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. പൊലീസ് സംഘടനയുടെ ഭാരവാഹിയായിരുന്നു. മോഹനൻനായർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേർ വസതിയിലെത്തി. അടൂർ പ്രകാശ് എം.പി, കെ.എസ്. ശബരീനാഥൻ എം.എൽ.എ. ജില്ലാപഞ്ചായത്തു പ്രസിഡന്റ് വി.കെ. മധു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. മോഹനൻ നായരുടെ അകാലനിര്യാണത്തിൽ പരപ്പാറ സംഘമിത്രം ക്ലബും, മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയും അനുശോചിച്ചു. രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.