ആര്യനാട്: ആര്യനാട് എൻ.പി.എം ഗവ. ഐ.ടി.ഐയുടെ വികസനത്തിനും തൊഴിൽ പരിശീലന പരിപാടികൾക്കുമായി 120 ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ചതായി അടൂർ പ്രകാശ് എം.പി അറിയിച്ചു. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പ്രധാൻ മന്ത്രി ജനവികാസ് കാര്യക്രമം പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ഈ തുകയിൽ 65 ലക്ഷം രൂപ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും ബാക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ തൊഴിൽ പരിശീലന ഉപകരണങ്ങൾ വാങ്ങുന്നതിനും വിനിയോഗിക്കുമെന്ന് എം.പി അറിയിച്ചു.

പുതിയ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി വിശാലമായ സൗകര്യത്തോടു കൂടിയ ഹൈടെക് ക്ലാസ് റൂം നിർമ്മിക്കും. പെയിന്റിംഗ് ബൂത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏ‌ർപ്പെടുത്തും. കാന്റീൻ കെട്ടിടത്തിന്റെ മേൽക്കൂര നവീകരിക്കും. മികച്ച സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയുള്ള ക്ലാസ് മുറിയും രണ്ട് കെട്ടിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പുതിയ ഇടനാഴിയും നിർമ്മിക്കും. ഈ പദ്ധതികൾക്കായി 65.55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും എം.പി അറിയിച്ചു.

തൊഴിൽ പരിശീലനം നൽകുന്നതിനായുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി വിശദമായ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ഇതോടെ വിദ്യാർത്ഥികൾക്ക് പുറമെ പ്രദേശത്തെ ന്യൂനപക്ഷ വിഭാഗത്തിലുള്ള നൂറു കണക്കിന് പേർക്ക് പരിശീലനം നൽകാൻ സാധിക്കും.