തിരുവനന്തപുരം: രാജാജി നഗർ സ്വദേശി സെെനബ കണ്ണൻ എന്ന സുജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി രാജാജി നഗർ സ്വദേശി പ്രഭിത്തിനെ കോടതി ഏഴ് വർഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. മൂന്നാംപ്രതി രാജാജി നഗർ സ്വദേശി അനീഷിനെ മൂന്ന് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജോസ്.എൻ.സിറിലിന്റേതാണ് ഉത്തരവ്.

സംഭവസമയം കേസിലെ രണ്ടാം പ്രതി കുട്ടി ആയിരുന്നതിനാൽ ഇയാളുടെ വിചാരണ ജുവനെെൽ കോടതിയിൽ നടക്കുകയാണ് 2011 മാർച്ച് 13 നാണ് കേസിന് ആസ്പദമായ സംഭവം. ഭാര്യ സുചിത്രയോടൊപ്പം ആശുപത്രിയിൽ പോയി സുജിത് മടങ്ങി വരുമ്പോൾ ഹൗസിംഗ് ബോർഡ് ജംഗ്ഷന് സമീപത്തുളള മുത്തുമാരിഅമ്മൻ ക്ഷേത്രത്തിന് മുന്നിൽ നിന്ന് പ്രഭിത്ത് ഉച്ചത്തിൽ ചീത്ത വിളിക്കുന്നത് കണ്ടു. പാങ്ങോട് മത്സ്യമാർക്കറ്രിലെ സി.എെ.ടി.യു തൊഴിലാളിയായ സുജിത് ഇത് ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പുറത്തുപോയ നിരവധി കാപ്പ കേസിൽ പ്രതിയായ പ്രഭിത്ത് സുഹൃത്തുക്കളുമായി എത്തി സുജിത്തിനെ ആക്രമിക്കുകയായിരുന്നു. ആദ്യം പടക്കമെറിഞ്ഞ് ഭീകര അന്തരീക്ഷമുണ്ടാക്കി ആളുകളെ ഭയപ്പെടുത്തിയ ശേഷമാണ് സുജിത്തിനെ വെട്ടി കൊലപ്പെടുത്തിയത്.

പതിനെട്ട് സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 48 രേഖകളും 10 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.