cag

തിരുവനന്തപുരം: അഞ്ചുവർഷമായി നികുതി കുടിശിക പിരിക്കാൻ കാര്യമായ ശ്രമമുണ്ടായില്ലെന്ന് സി.എ.ജിയുടെ വിമർശനം. 2018 മാർച്ച് 31ന് ആകെ 14,904.91 കോടി രൂപയായിരുന്നു നികുതി കുടിശിക. ഇതിൽ 5,514.14 കോടിയും അഞ്ചുവർഷമായി പിരിക്കാത്തതാണ്.

ചരക്ക് സേവന നികുതിയിലെ 9,956.91 കോടി കുടിശികയിൽ 4,285.76 കോടിയും അഞ്ചുവർഷമായി കുടിശികയാണ്. ഹൈക്കോടതിയുടെയും മറ്റും ഇടപെടലും കച്ചവടക്കാർ‌ പാപ്പരായതും കാരണമാണ് ഈ നികുതി കുടിശികയായതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ 3,233 കോടിക്ക് മാത്രമാണ് നിയമപരമായ ഇടപെടൽ ഉണ്ടായതെന്നതെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ

8575.04 കോടിയുടെ നികുതിയുമായി ബന്ധപ്പെട്ട 3,340 പരിശോധനാ റിപ്പോർട്ടുകളിൽ വകുപ്പുകൾ നടപടികളെടുത്തില്ല.

അപ്പീൽ നൽകാതിരുന്നിട്ടും നടപടി ഇല്ല

വാറ്റ് നികുതിയിൽ അപ്പീലുകൾ തീർപ്പാക്കാൻ കമ്പ്യൂട്ടർ സൗകര്യം ഉണ്ടായിരുന്നിട്ടും മാന്വൽ ആയാണ് ചെയ്തത്. ഇതും കുടിശിക വർദ്ധിക്കാൻ ഇടയാക്കി. 2016-17ൽ 557 ഡീലർമാർ അപ്പീൽ നൽകാതിരുന്നിട്ടും റിക്കവറി ആരംഭിച്ചില്ല.

 ഭൂപരിധി കവിഞ്ഞിട്ടും രജിസ്ട്രേഷൻ

കൈവശ പരിധിയായ 15 ഏക്കറിൽ കൂടുതലുള്ളവർ ഭൂമി വിൽക്കുകയാേ വാങ്ങുകയോ ചെയ്യുമ്പോൾ ഭൂപരിധി കേസുകളെടുക്കണമെന്നാണ് ചട്ടം. എന്നാൽ കാസർകോട്, കോട്ടയം, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ 212 കേസുകളിലായി 418.76 കോടി വിലവരുന്ന 7,020.90 ഹെക്ടർ ഇങ്ങനെ കൈമാറി. ഇതിൽ 28 ഇടപാടുകളിൽ മാത്രമേ കേസെടുത്തുള്ളു. 311.35 കോടിയുടെ 5,192.41 ഹെക്ടർ ഭൂമിയുടെ 184 കൈമാറ്രങ്ങളിൽ കേസെടുത്തില്ല. അധിക ഭൂമിയുള്ളവരെ ഭൂനികുതി സ്വീകരിക്കുമ്പോഴും പിടികൂടാം. ഇത്തരം 372 കേസുകളിൽ 358ലും കേസെടുത്തില്ല. ഭൂപരിധി ലംഘിച്ചവർക്കെതിരെ താലൂക്ക് ലാൻഡ് ബോർഡുകൾക്ക് റിപ്പോർട്ട് ചെയ്ത 197 കേസുകളിൽ 114ഉം ഒരു നടപടിയും സ്വീകരിച്ചില്ല.