തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവിയും ജ്ഞാപീഠ ജേതാവുമായ ഒ.എൻ.വി. കുറുപ്പിന്റെ നാലാമത് ചരമവാർഷികത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് ടാഗോർ തിയേറ്ററിൽ ഒ.എൻ.വി സ്‌മൃതി അരങ്ങേറും. പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണന്റെ അദ്ധ്യക്ഷതയിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ എം.മുകുന്ദൻ,​ഡോ.എം.വി.പിള്ള എന്നിവർ ഒ.എൻ.വിയെ അനുസ്‌മരിക്കും. തുടർന്ന് ഒ.എൻ.വിയുടെ നാടക ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും തിരഞ്ഞെടുത്ത പ്രണയഗാനങ്ങൾ ഉൾക്കൊള്ളിച്ച 'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ' എന്ന ഗാനസന്ധ്യ അരങ്ങേറും. വിധുപ്രതാപ്,​ കല്ലറ ഗോപൻ,​ ശ്രീറാം,​ രാജലക്ഷ്‌മി,​ അപർണ രാജീവ്,​ ബിജോയ്,​ രാജീവ് ഒ.എൻ.വി,​ സരിത,​ നാരായണി ഗോപൻ,​അഭിലാഷ്,​ആൻ ബെൻസൺ,​ദിവ്യ എന്നിവർ ഗാനങ്ങൾ ആലപിക്കും. ഒ.എൻ.വി സ്‌മൃതി 2020ന്റെ ഭാഗമായി ഞായറാഴ്ച ലയൺസ് ഹാളിൽ സാഹിത്യ സെമിനാറും കവിതകളുടെ നാടകാവിഷ്‌കാരവും നടന്നിരുന്നു.