തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2018ലെ മാദ്ധ്യമ അവാർഡിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷും കൊല്ലം ബ്യൂറോ ചീഫ് സി.വിമൽകുമാറും അർഹരായി.
വി.എസ്. രാജേഷിന് മികച്ച ടി.വി അഭിമുഖത്തിനും സി.വിമൽകുമാറിന് അച്ചടി മാദ്ധ്യമത്തിലെ മികച്ച ജനറൽ റിപ്പോർട്ടിംഗിനുമാണ് അവാർഡ്.
കൗമുദി ടി.വിയിലെ സ്ട്രെയിറ്റ് ലൈൻ എന്ന അഭിമുഖ പരിപാടിയിൽ ട്രാൻസ്‌ജെൻഡർ ദമ്പതികളായ ഇഷാൻ, സൂര്യ എന്നിവരുമായി നടത്തിയ അഭിമുഖത്തിനാണ് വി.എസ്. രാജേഷിന് അവാർഡ്. കേരളകൗമുദി എഡിറ്റോറിയൽ പേജിൽ 2018 ഫെബ്രുവരി 7 മുതൽ 12 വരെ പ്രസിദ്ധീകരിച്ച 'അവയവദാനത്തിന് എന്ത് സംഭവിച്ചു' എന്ന പരമ്പരയ്ക്കാണ് വിമൽകുമാറിന് അവാർഡ്.
രാജേഷിനൊപ്പം ഏഷ്യാനെറ്റ് ന്യൂസിലെ ജിമ്മി ജെയിംസും അഭിമുഖത്തിനുള്ള അവാർഡിന് അർഹനായിട്ടുണ്ട്. 25,000 രൂപയും ശില്പവും പ്രശംസാ പത്രവുമടങ്ങുന്ന അവാർഡ് ഈ മാസം ഒടുവിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി സമ്മാനിക്കും.
ദൂരദർശൻ ഡയറക്ടർ ബൈജു ചന്ദ്രൻ, എസ്. ആർ. സഞ്ജീവ്, നീന പ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാദ്ധ്യമ അവാർഡുകൾ നിർണയിച്ചത്. പി.വി. മുരുകൻ, കെ.ആർ. ബീന, കെ. രവികുമാർ, അഡ്വ. എം.എം. മോനായി, കാസിം ഇരിക്കൂർ, ലാലു ജോസഫ് എന്നിവരടങ്ങുന്ന ജൂറിയാണ് അച്ചടി മാദ്ധ്യമ അവാർഡുകൾ നിർണയിച്ചത്.
2005 ൽ എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ച പുറത്തു കൊണ്ടുവന്നതിന് രാഷ്ട്രപതിയിൽ നിന്നടക്കം ഒട്ടേറെ പുരസ്കാരങ്ങൾ രാജേഷിന് ലഭിച്ചിട്ടുണ്ട്. ഹൃദയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റിന്റെ വില ഗണ്യമായി കുറയ്ക്കാനിടയാക്കിയ പരമ്പരയ്ക്ക് മികച്ച വികസനോന്മുഖ റിപ്പോർട്ടിംഗിനുള്ള പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ ദേശീയ പുരസ്കാരവും, കേരള നിയമസഭയുടെ മാദ്ധ്യമ പുരസ്കാരവും ലഭിച്ചിരുന്നു.
തിരുവനന്തപുരം പേട്ട ഭഗത്‌സിംഗ് റോഡ് കാക്കോട് ലെയിനിൽ പരേതരായ വി.കെ.വാസുക്കുട്ടി പണിക്കരുടെയും പി.സതീദേവിയുടെയും മകനാണ് രാജേഷ്. വെള്ളനാട് ഗവ.സ്‌കൂൾ അദ്ധ്യാപികയായ എസ്.എസ്.ദീപയാണ് ഭാര്യ. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി രാജ് ദീപ് ശ്രീധർ മകനാണ്.
'അവയവദാനത്തിന് എന്ത് സംഭവിച്ചു' എന്ന വിമൽകുമാറിന്റെ പരമ്പരയ്ക്ക് 2018 ലെ ഐ.എം.എ യുടെ 'നമ്മുടെ ആരോഗ്യം' അവാർഡ്, 2019 ലെ ഫാ.കൊളംബിയർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൊല്ലം തട്ടാമല ആലുംകട പുത്തൻവീട്ടിൽ പരേതനായ കെ.ചന്ദ്രശേഖരന്റെയും കെ. ഗോമതിയുടെയും മകനാണ്. മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള കിഷോർ സ്‌മാരക അവാർഡ്, പുത്തൂർ മിനിമോൾ ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ്, റോട്ടറി എക്സലൻസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടറായ എസ്.അംബികയാണ് ഭാര്യ. അഖിൽ, അഭിജിത്ത് എന്നിവർ മക്കൾ.