തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ നോട്ട് നിരോധനം അടക്കമുള്ള വിവരക്കേടുകൾ രാജ്യത്ത് വളർച്ചാനിരക്ക് കുറയ്ക്കുകയും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയും ചെയ്‌തെന്ന് ശശി തരൂർ എം.പി. കെ.എ.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സംസ്ഥാന യുവജനക്ഷേമ ബോർഡ് വഴുതക്കാട് വിമെൻസ് കോളേജിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 65 ശതമാനം ജനങ്ങൾക്കും ജനനസർട്ടിഫിക്കറ്റില്ല. കരസേനാമേധാവിയും ഒന്നാം മോദി സർക്കാരിലെ മന്ത്രിയുമായിരുന്ന വി.കെ. സിംഗിന് പോലും ജനന സർട്ടിഫിക്കറ്റില്ല. തന്റെ ജനന തീയതി തെറ്റായാണ് സ്‌കൂളിൽ രേഖപ്പെടുത്തിയതെന്നും അതിനാൽ റിട്ടയർമെന്റ് കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ പോയിരുന്നു. അങ്ങനെയുള്ള രാജ്യത്ത് 50 വർഷം മുമ്പ് ജനിച്ച ഒരു സാധാരണ പൗരന് എങ്ങനെ ഇത്തരം രേഖകൾ സംഘടിപ്പിക്കാനാകും. ആസാമിൽ എൻ.ആർ.സി നടപ്പാക്കിയപ്പോൾ ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് പൗരത്വം നഷ്ടപ്പെട്ടു. അയാളെ തടങ്കൽ പാളയത്തിൽ അടച്ചു. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്നതിനെയാണ് രാജ്യമെമ്പാടും എതിർക്കുന്നതെന്നും തരൂർ പറഞ്ഞു. മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, വൈസ് ചെയർമാൻ പി.ബിജു, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, അംഗം സന്തോഷ് കാല, ജില്ലാ കോ-ഓഡിനേറ്റർ അൻസാരി, ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. രാംകുമാർ, കോളേജ് പ്രിൻസിപ്പൽ വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു. സെമിനാറിലെത്തിയ ആയിരത്തിലധികം ഉദ്യോഗാർത്ഥികൾക്ക് സിലബസ് അനുസരിച്ചുള്ള റഫറൻസ് ഗൈഡ് സൗജന്യമായി നൽകി.