പാലോട് : പാലോട് മേളയുടെ ഭാഗമായുള്ള ഫിലിം ഫെസ്റ്റിവലിലും കഥപറയൽ മത്സരത്തിലും വിദ്യാർത്ഥികളുടെ വൻ പങ്കാളിത്തം. സിനിമകളെപ്പറ്റിയുള്ള ചർച്ചയിൽ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്.ചിൽഡ്രൻ ഓഫ് ഹെവൻ ആയിരുന്നു ഉദ്ഘാടന ചിത്രം. തുടർന്ന് പഥേർ പാഞ്ചാലി, ദ ഗോഡ്ഫാദർ, ദ പിയാനിസ്റ്റ്, ദ ഗ്രേറ്റ് ഡിറ്റക്ടർ, താരേ സമീൻ പർ, ഒൺസ് അപ്പോൺ എ ടൈം ഇൻ ദ വെസ്റ്റ്, തങ്ക മീൻകൾ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇന്നലെ റാബിറ്റ് പ്രൂഫ് ഫെൻസ്, ദ ഫസ്റ്റ് ഗ്രേഡർ, സൈക്കോ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങൾ നിറഞ്ഞ കൈയടി നേടി. നാളെ ഫിലിം ഫെസ്റ്റിവൽ സമാപിക്കും.വേദി ഗ്രന്ഥശാലയിലാണ് ചലച്ചിത്ര പ്രദർശനം.ഒരു ദിവസം നാല് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. രാവിലെ 10, പകൽ 12, 3, വൈകിട്ട് 5 എന്നിങ്ങനെയാണ് സമയക്രമം. കഥപറയൽ മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം കുട്ടികളാണ് ഇതുവരെ പങ്കെടുത്തത്. 14വരെ കഥകൾ അയക്കാം. 3,001 രൂപ കാഷ് അവാർഡും മൊമന്റോയുമാണ് ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം 2,001 രൂപയും മൊമന്റോയും, മൂന്നാംസ്ഥാനം 1,001 രൂപയും മൊമന്റോയുമാണ്.ചുരുങ്ങിയ സമയത്തിൽ ( പരമാവധി പത്ത് മിനിട്ട് ) കഥ പറഞ്ഞ് 6238796939 എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ശബ്ദസന്ദേശമായി അയക്കേണ്ട തരത്തിലാണ് മത്സരരീതിയെന്ന് മേള കൺവീനർ അമ്പു എസ്.നായർ അറിയിച്ചു.