നെയ്യാറ്റിൻകര: ഭാരതീയ സന്യാസിമാർ ഏതെങ്കിലും ഒരു മതത്തിന്റെ വക്താക്കളായിരുന്നില്ലെന്നും ഗുരുദേവനും മതവക്താവല്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
അരുവിപ്പുറം ക്ഷേത്രത്തിലെ 132-ാമത് പ്രതിഷ്ഠാ വാർഷികവും ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സന്ന്യാസമെന്നാൽ എല്ലാവിധ ആശയങ്ങൾക്കും അപ്പുറത്തുള്ള ദൈവീക ഭാവമാണ്. അവരെ ഏതെങ്കിലും ഒരു മതത്തിന്റെ കെട്ടുപാടുകളിൽ തളയ്ക്കുന്നത് ശരിയല്ല. അവരുടെ വിശ്വാസ പ്രമാണങ്ങളിൽ ഒരു മതത്തിന്റെ ആരാധന സംവിധാനത്തിന്റെ അംശങ്ങൾ ഉണ്ടാകാം. പക്ഷേ, അവർ സർവ പ്രപഞ്ചത്തിനും വേണ്ടി നിലകൊള്ളുന്നവരാണ്.
ഗുരുദേവ ജീവിതം വിലയിരുത്തുമ്പോൾ ആദ്യം വിഗ്രഹാരാധനയും പിന്നീട് വിഗ്രഹങ്ങൾക്ക് പുറത്തുള്ള ഈശ്വരനെ വിഭാവനം ചെയ്യാൻ കഴിഞ്ഞ മനസിന്റെ ഉടമയുമായി മാറിയയാളാണ് ഗുരുദേവൻ. അദ്ദേഹം മതത്തെ നിഷേധിച്ചിട്ടില്ല. ഈശ്വരൻ പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു ചൈതന്യമാണ്. ഈ അദ്വൈത സത്യം ബുദ്ധിയുടെ തലത്തിൽ ഉൾക്കൊള്ളാൻ സാധിക്കുന്നവർക്കു പോലും അനുഭൂതിയുടെ തലത്തിൽ ഉൾകൊള്ളാൻ അത്രവേഗം സാധിക്കില്ല. അത് മനസിലാക്കിയാണ് ഗുരുദേവൻ കേരളത്തിലുടനീളം ക്ഷേത്രങ്ങൾ സ്ഥാപിച്ചത്. വിദ്യാലയങ്ങളും സ്ഥാപിച്ചു. ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠ മനുഷ്യരെ വിഗ്രഹത്തെ ആരാധിക്കുന്ന തലത്തിൽ നിന്ന് ഉയർത്തിക്കൊണ്ടുപോകാനുള്ള പരീക്ഷണമായിരുന്നു.
- കേന്ദ്രമന്ത്രി പറഞ്ഞു.
യോഗത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷനായിരുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി അഡ്വ. കെ. രാജു, ഡോ. ബബിത മറീന ജെസ്റ്റിൻ, വണ്ടന്നൂർ സന്തോഷ്, സ്വാമി ബോധതീർത്ഥ എന്നിവരും സംസാരിച്ചു.
ലോകത്തിന് പുതിയ കാഴ്ചപ്പാട് നൽകാനാണ് ഗുരുക്കന്മാർ ഇവിടെ വരാറുള്ളതെന്നും പുതിയ ചിന്ത പകരുന്നവരാണ് സന്യാസിമാരെന്നും സ്വാഗത പ്രസംഗത്തിൽ ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. സ്വാമിവിശാലാനന്ദ നന്ദി പറഞ്ഞു.