കോവളം: പാച്ചല്ലൂർ ബൈപാസ് റോഡിൽ നിയന്ത്രണം വിട്ട മിനി ബസ് ഇടിച്ചുകയറി ഹോട്ടൽ തകർന്നു. തിരുവല്ലം - വാഴമുട്ടം ബൈപ്പാസ് റോഡിൽ പാച്ചല്ലൂർ വേങ്കറയ്ക്ക് സമീപം ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. വാഴമുട്ടം ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് വരികയായിരുന്ന മിനി ബസ് ബൈപാസ് റോഡിൽ നിന്നും പത്തടിയോളം താഴ്ചയുള്ള സർവീസ് റോഡിലേക്ക് ഇടിച്ചിറങ്ങുകയും ജോണിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ മനുവിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. റെസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഗോപിനാഥൻ നായർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഹോട്ടൽ രാവിലെ 9ന് ശേഷമാണ് പ്രവർത്തനം ആരംഭിക്കുന്നത്.