വിഴിഞ്ഞം: ഡി.വൈ.എഫ്.ഐ കോവളം ബ്ലോക്ക് സെക്രട്ടറി മുബാറക് ഷായെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ മുബാറക് ഷായെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10ഓടെയായിരുന്നു ആക്രമണം. വിഴിഞ്ഞത്ത് നിന്നും മൂന്ന് വയസ് പ്രായമുള്ള മകളെ ബാലരാമപുരത്തുള്ള ഭാര്യയുടെ വീട്ടിലേക്ക് സ്കൂട്ടറിൽ കൊണ്ടുപോകുമ്പോൾ ഉച്ചക്കട ജംഗ്ഷന് സമീപത്തുവെച്ച് മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കോവളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് പ്രകടനവും പ്രതിഷേധ യോഗവും നടത്തി.