തിരുവനന്തപുരം: പദ്മ പുരസ്‌കാരങ്ങൾക്കായി സംസ്ഥാന സർക്കാർ ശുപാർശ ചെയ്തവരെയെല്ലാം കേന്ദ്ര സർക്കാർ പാടെ തള്ളി. കേന്ദ്ര സർക്കാർ സ്വന്തം നിലയ്ക്ക് തിരഞ്ഞെടുത്തവർക്കാണ് ഇത്തവണ പുരസ്‌കാരം നൽകിയത്. കഴിഞ്ഞ തവണ സംസ്ഥാനം നൽകിയ 35 പേരുകളിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു മാത്രമാണ് പുരസ്കാരം ലഭിച്ചത്.
ഇത്തവണ 56 പേരുടെ പട്ടികയാണ് സംസ്ഥാനം അയച്ചത്. പത്മവിഭൂഷണിനായി എം.ടി. വാസുദേവൻ നായരെ ശുപാർശ ചെയ്തിരുന്നു. പത്മഭൂഷണു വേണ്ടി കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവർത്തനം), മട്ടന്നൂർ ശങ്കരൻകുട്ടി (കല), റസൂൽപൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടൻ മാരാർ (കല) എന്നിവരെ ശുപാർശ ചെയ്തു.
പത്മശ്രീക്കായി സൂര്യകൃഷ്ണമൂർത്തി, കാനായി കുഞ്ഞിരാമൻ, ആർട്ടിസ്റ്റ് നമ്പൂതിരി, കെ.പി.എ.സി. ലളിത, എം.എൻ. കാരശ്ശേരി, ആർച്ച് ബിഷപ് സൂസപാക്യം, ഡോ. വി.പി.ഗംഗാധരൻ, നെടുമുടി വേണു, പി. ജയചന്ദ്രൻ, ഐ.എം. വിജയൻ, ബിഷപ് മാത്യു അറയ്ക്കൽ, എം.കെ. സാനു, തുടങ്ങിയവരടക്കം 47 പേരെ ശുപാർശ ചെയ്തു.
പട്ടിക പൂർണമായും തള്ളിയ കേന്ദ്രസർക്കാർ ആത്മീയാചാര്യൻ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതൻ പ്രഫ. എൻ.ആർ. മാധവമേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകി. സാമൂഹിക പ്രവർത്തകൻ എം.കെ. കഞ്ഞോൾ, ശാസ്ത്രജ്ഞൻ കെ.എസ്. മണിലാൽ, എഴുത്തുകാരൻ എൻ. ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും നൽകി.
കഴിഞ്ഞ വർഷം സംസ്ഥാനം നൽകിയ ലിസ്റ്റിലും എം.ടി. വാസുദേവൻ നായർ, മമ്മൂട്ടി, പെരുവനം കുട്ടൻമാരാർ, സുഗതകുമാരി,സൂര്യകൃഷ്ണമൂർത്തി എന്നിവരുടെ പേരുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം മോഹൻലാലിന്റെ പേര് ശുപാർശ ചെയ്തിരുന്നുവെങ്കിലും ഇത്തവണ ഒഴിവാക്കി.
സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്ന ശുപാർശകൾ പ്രധാനമന്ത്രി രൂപീകരിക്കുന്ന അവാർഡ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതൽ ആറുവരെ അംഗങ്ങൾ എന്നിവരുൾപ്പെട്ടതാണ് കമ്മിറ്റി.