sarada
photo

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ പൊതുമരാമത്ത് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലകിന് ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഒഴികെയുള്ള ചുമതലകൾ അദ്ദേഹം തുടർന്നും വഹിക്കും. ന്യൂഡൽഹി കേരളാഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാറിനെ പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ (രണ്ട്) അധിക ചുമതല അദ്ദേഹം വഹിക്കും. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിനെ ഡൽഹി കേരളാഹൗസ് റസിഡന്റ് കമ്മിഷണറായി മാറ്റി നിയമിക്കും. ഊർജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. കേരള ജലഅതോറിട്ടി മാനേജിംഗ് ഡയറക്ടറുടെ അധികച്ചുമതല തുടർന്നും അദ്ദേഹം വഹിക്കും. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ വിക്രംജിത് സിംഗിനെ കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിക്കും. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡിൽ റഗുലർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിക്കും വരെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ അധിക ചുമതല അദ്ദേഹം വഹിക്കും. ആറാം സംസ്ഥാന ധനകാര്യകമ്മിഷൻ അംഗമായി ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ്‌കുമാർ സിംഗിനെ നിയോഗിക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ മനോജ് ജോഷിക്ക് പകരമാണ് ഈ നിയമനം.