തിരുവനന്തപുരം: പൊലീസിന്റെ പർച്ചേസിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. പൊലീസ് നവീകരണ പദ്ധതിയിൽ വി.ഐ.പി സുരക്ഷയ്ക്ക് വാഹനങ്ങൾ വാങ്ങാനാവില്ലെന്നിരിക്കെയാണ് ടെൻഡർ വിളിക്കാതെ 1.10കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലെ ആവശ്യത്തിനാണ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അനുവദിച്ചത്.
സുതാര്യമായി വാങ്ങണമെന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങൾ ഡി.ജി.പി അറിഞ്ഞുകൊണ്ടു ലംഘിച്ചു.
2016–17ലാണ് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾക്കായി 1.26 കോടി രൂപ അനുവദിച്ചത്. സ്റ്റോഴ്സ് പർച്ചേസ് മാന്വൽ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് സർക്കാർ അനുമതി നൽകിയത്. മാനുവലിനു വിരുദ്ധമായി ഡി.ജി.പി ഒരു ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ചു. ടെൻഡർ വിളിക്കാതെ 1.10 കോടിക്ക് രണ്ടു വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. അതിന് നിയമ സാധുത നൽകണമെന്നു സർക്കാരിനോട് അഭ്യർത്ഥിച്ചു. സുരക്ഷാ കാരണങ്ങളാൽ ടെൻഡർ വിളിച്ചില്ലെന്നാണ് ഡി.ജി.പി സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിയമ സാധുത കാക്കാതെ കമ്പനിക്കു 33 ലക്ഷം രൂപ നൽകി. നിയമസാധുത നൽകാൻ സർക്കാർ ആദ്യം വിസമ്മതിച്ചു. ടെൻഡർ വിളിക്കാതെ മുൻകൂറായി തുക നൽകിയത് ചട്ടലംഘനമാണ്.
ഡി.ജി.പിയുടെ നടപടിയെ പിന്നീട് ന്യായീകരിച്ച സർക്കാർ നിലപാട് നിലനിൽക്കില്ല. വ്യവസ്ഥളൊന്നും ഡി.ജി.പി പാലിച്ചില്ല. 33 ലക്ഷം രൂപ നൽകാൻ ഡി.ജി.പി സർക്കാരിന്റെ അനുമതി തേടിയില്ല. വാങ്ങാനുള്ള വാഹനങ്ങൾ നേരത്തെ കണ്ടുവച്ചിരുന്നു.
ഡി.ജി.പിയുടെ വില്ല
എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 30അപ്പർ സബോർഡിനേറ്റ് ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ കേന്ദ്രം നൽകിയ 4.35കോടിയാണ് വകമാറ്റി പൊലീസ് മേധാവിക്ക് വില്ലയും ക്യാമ്പ് ഹൗസും മുതിർന്ന ഉദ്യോഗസ്ഥർക്കായി നാല് വില്ലകളും നിർമ്മിച്ചത്. ജീവനക്കാർക്കായി കണ്ടുവച്ച സ്ഥലത്താണ് ഇവ പണിതത്. സർക്കാർ അനുമതിയില്ലാതെയാണ് ഫണ്ട് വകമാറ്റിയത്.
വെടിയുണ്ടകൾ കാണാനില്ല
തൃശൂർ പൊലീസ് അക്കാഡമിയിൽ ലോംഗ് റേഞ്ച് ഫയറിംഗിന് നൽകിയ 7.62 എം.എം വെടിയുണ്ടകളിൽ 200 എണ്ണം കുറവുള്ളതായി 2015ൽ റിപ്പോർട്ട് ചെയ്തിരുന്നു. 2016 നവംബറിലെ കണക്കനുസരിച്ച് 7.62 എംഎം വെടിയുണ്ടകളിൽ 7433 എണ്ണം കുറവുണ്ട്. വെടിയുണ്ടകളുടെ കുറവ് 2018 ഒക്ടോബറിൽ 8398 ആയി വർദ്ധിച്ചു.
ഉപേക്ഷയുണ്ടായി: സർക്കാർ
രേഖകൾ സൂക്ഷിക്കുന്നതിൽ ഉപേക്ഷ വന്നു എന്ന് സർക്കാർ സി.എ.ജിയോട് സമ്മതിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായും ആറുമാസത്തിനകം ആയുധങ്ങളുടെ ആഡിറ്റ് നടത്തുമെന്നും സർക്കാർ അറിയിച്ചു. ചീഫ് സ്റ്റോർ ഉൾപ്പെടെ എല്ലാ ബറ്റാലിയനുകളിലെയും യൂണിറ്റുകളിലെയും പൊലീസ് സ്റ്റേഷനുകളിലും ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കണക്കെടുക്കാൻ സി.എ.ജി നിർദേശിച്ചു.