തിരുവനന്തപുരം:നിരീക്ഷണ കാമറകളും സുരക്ഷാ ഉപകരണങ്ങളും വാങ്ങുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരും കെൽട്രോണും വിൽപ്പനക്കാരും തമ്മിൽ അവിശുദ്ധബന്ധം പുലർത്തുന്നതായി സി.എ.ജി കുറ്റപ്പെടുത്തി. കെൽട്രോൺ ഇ-ടെൻഡർ വിളിക്കുന്നതിൽ ക്രമക്കേടുണ്ട്. ഒരു കമ്പനിയുടെ പേരു പറഞ്ഞ് മറ്റുള്ളവരെ ഒഴിവാക്കും. കെൽട്രോണിന് കൂടുതൽ ലാഭം കിട്ടുന്ന തരത്തിലാണ് ഇടപാടുകൾ. ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്റ്റോർ പർച്ചേസ് മാനുവലും കേന്ദ്രവിജിലൻസ് കമ്മിഷൻ മാർഗനിർദ്ദേശങ്ങളും ലംഘിച്ചു.
കമ്പോളവിലയുടെ മൂന്നിരട്ടി നൽകി ശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങി. ഇതിൽ ഒന്നരക്കോടി നഷ്ടമുണ്ടായി. മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ വാഹനങ്ങൾ എന്ന വ്യാജേന ഉന്നത നിലവാരമുള്ള ആഡംബര കാറുകൾ വാങ്ങി പൊലീസുദ്യോഗസ്ഥർ ഉപയോഗിച്ചു. ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്പോൾ കമാൻഡ് ആൻഡ് കൺട്രോൾ വാഹനമായി ഉപയോഗിക്കാൻ യോഗ്യമല്ലാത്ത ടൊയോട്ട ഫോർച്യൂണർ വാങ്ങി. വാഹനം പൊലീസ് മേധാവിക്ക് വിട്ടുകൊടുത്തു. ഹൈടെക് കമ്മ്യൂണിക്കേഷനുള്ള മൊബൈൽ കമാൻഡ് കൺട്രോളിനായി വാങ്ങിയ രണ്ട് ഇന്നോവ കാറുകൾ ഉത്തരമേഖലാ എ.ഡി.ജി.പിയും പൊലീസ് ആസ്ഥാനത്തും പകുത്തെടുത്തു. കേസന്വേഷണത്തിന് 40ടാറ്റ സുമോയും 40ഐ പാഡുകളും വാങ്ങിയെങ്കിലും വാഹനങ്ങൾ ഓഫീസർമാർക്കും ടാബ്ലറ്റുകൾ ഉന്നത ഉദ്യോഗസ്ഥർക്കും നൽകി. വാഹനങ്ങളിൽ ഐ-പാഡുകൾ ഘടിപ്പിച്ചില്ല.
വാഹന ലേലത്തിലും ക്രമക്കേട്
കണ്ടം ചെയ്ത 1172 വാഹനങ്ങളുടെ ലേലത്തുകയായ 8.07കോടി ചട്ടവിരുദ്ധമായി സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് വകമാറ്റി. ഈ തുകയ്ക്ക് സ്റ്റേഷനുകളിലേക്ക് 128 വാഹനങ്ങൾ വാങ്ങാമായിരുന്നു. 165 വാഹനങ്ങളുടെ കുറവുള്ളത് പട്രോളിംഗിനെ ബാധിക്കും. സ്റ്റേഷനുകൾക്ക് ജീപ്പും ബൈക്കും വാങ്ങാനേ നവീകരണ പദ്ധതിയിലെ പണം ഉപയോഗിക്കാവൂ. ഇതുപയോഗിച്ച് കാറുകൾ വാങ്ങാനാവില്ല. സ്റ്റേഷനുകളിൽ വാഹനങ്ങളുടെ കുറവുണ്ടായിരിക്കെ ഉന്നതർക്കായി 41 കാറുകളും ആഡംബര വാഹനങ്ങളും വാങ്ങിക്കൂട്ടി. ഈ തുകയ്ക്ക് സ്റ്റേഷനുകളിലേക്ക് 46 ബൊലേറോ വാങ്ങാമായിരുന്നു. 64 വാഹനങ്ങൾ വാങ്ങിയപ്പോൾ 19എണ്ണമേ സ്റ്റേഷനുകൾക്ക് നൽകിയുള്ളൂ.
കാലഹരണപ്പെട്ട ആയുധങ്ങൾ
ഓർഡനൻസ് ഫാക്ടറി ബോർഡിന്റെ അംഗീകാരമില്ലാത്ത ആയുധങ്ങൾ സംഭരിക്കാൻ ശ്രമിച്ചതിലൂടെ 1.87കോടിയുടെ കേന്ദ്രസഹായം പാഴാക്കി. 29,690 സിവിൽ പൊലീസ് ഓഫീസർമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർക്ക് നൽകിയത് കാലഹരണപ്പെട്ട ആയുധങ്ങൾ. സേനയിൽ 29618 ആയുധങ്ങളുടെ കുറവുണ്ട്.