തിരുവനന്തപുരം: മാവോയിസ്റ്റുകളെ നേരിടാൻ കേന്ദ്രസർക്കാർ നൽകിയ തുക സംസ്ഥാനം വകമാറ്റി ചെലവഴിച്ചെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. പൗരത്വനിയമത്തെ അനുകൂലിച്ചുകൊണ്ട് ജനജാഗ്രത സമിതി സംഘടിപ്പിച്ച ജനജാഗ്രത സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിനെ ആധുനികവത്കരിക്കാൻ നൽകിയ തുകയാണ് കെൽട്രോണുമായി ചേർന്ന് വകമാറ്റി ചെലവഴിച്ചത്. പൊലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ അനുവദിച്ച തുക ഡി.ജി.പിക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും വില്ലകൾ പണിയാനാണ് ഉപയോഗിച്ചത്. ഇതിന് പിന്നിൽ വ്യക്തമായ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മതധ്രുവീകരണം നടത്താനാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭം നടത്തുന്നത്. ഒക്‌ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുയെന്ന ലക്ഷ്യത്തോടെയാണ് ഈ സി.എ.എ വിരുദ്ധസമരം. കേരളത്തിലെ സി.എ.എ വിരുദ്ധ സമരക്കാർ ഉയർത്തുന്ന ആസാദി മുദ്രാവാക്യം വിഭജനാനന്തരം പാകിസ്ഥാനിൽ ഉയർന്നുകേട്ടതാണ്. 1921 ൽ ഊരിയകത്തി അറബിക്കടലിൽ കളഞ്ഞിട്ടില്ല എന്നാണ് മറ്റൊരു മുദ്രാവാക്യം. ഇത് മതധ്രുവീകരണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സംസ്ഥാന വക്താവ് എം.എസ്. കുമാർ, സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ, തോട്ടയ്ക്കാട് ശശി, പി. അശോക് കുമാർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, കൗൺസിലർമാരായ സിമി ജ്യോതിഷ്, ചിഞ്ചു, മിനി, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി സന്ദീപ് തമ്പാനൂർ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ഷാജു എന്നിവർ സംസാരിച്ചു.